ഏറെ ചർച്ച ചെയ്യുന്ന അദാനി-ഹിൻഡൻബർഗ് വിവാദത്തിൽ ജോർജ്ജ് സോറോസിന്റെ പരാമർശത്തിന് മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. നിക്ഷേപകരുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരം പറയേണ്ടിവരുമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മോദി നിശബ്‌ദനായിരുന്നുവെന്ന ശതകോടീശ്വരനായ നിക്ഷേപകൻ ജോർജ്ജ് സോറോസിന്റെ പരാമർശവുമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ചൊടിപ്പിച്ചത്.
“മിസ്‌റ്റർ സോറോസ് ന്യൂയോർക്കിലുള്ള ഒരു പഴയ, സമ്പന്നനായ വ്യക്തിയാണ്. തന്റെ കാഴ്‌ചപ്പാടുകളാണ് ലോകം മുഴുവൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് തീരുമാനിക്കേണ്ടത് എന്നാണ് ഇപ്പോഴും അദ്ദേഹം കരുതുന്നത്… അത്തരം ആളുകൾ യഥാർത്ഥത്തിൽ വിവരണങ്ങൾ രൂപപ്പെടുത്തുന്നതിന് വിഭവങ്ങൾ നിക്ഷേപിക്കുന്നു.” എസ് ജയശങ്കറിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്‌തു. “തങ്ങൾക്ക് ഇഷ്‌ടമുള്ള ആളുകൾ ജയിച്ചാൽ ഒരു തിരഞ്ഞെടുപ്പ് നല്ലതാണെന്ന് അദ്ദേഹത്തെപ്പോലുള്ളവർ കരുതുന്നു, എന്നാൽ തിരഞ്ഞെടുപ്പിൽ മറ്റൊരു ഫലം ആണുണ്ടാവുന്നതെങ്കിൽ അത് വികലമായ ജനാധിപത്യമാണെന്ന് അവർ പറയും” ജനാധിപത്യ പുനരുജ്ജീവനത്തിനുള്ള വാതിൽ തുറക്കുമെന്ന സോറോസിന്റെ പരാമർശത്തോട് ജയശങ്കർ പ്രതികരിച്ചു.