ശനിയാഴ്ചകളിൽ വ്രതം എടുക്കുന്നതും ശനി പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതും ശനി ദോഷ പരിഹാരത്തിന് ഉത്തമം എന്നാണ് വിശ്വാസം. ശനിയാഴ്ച ദിവസം വ്രതാനുഷ്ഠാനത്തോടെ ശനീശ്വരനെ ഭജിച്ചാൽ എല്ലാ ദുഃഖങ്ങളും മാറിപ്പോകുമെന്ന് വിശ്വാസം.
കഷ്ടനഷ്ടങ്ങളുടെ ദേവനായാണ് എല്ലാപേരും ശനിയെ കണക്കാക്കുന്നത് എങ്കിലും ശനി എല്ലാവർക്കും ദോഷം ചെയ്യില്ല. ശനി ദോഷം ചെയ്യുന്നവർക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും തിരിച്ചടി ഉണ്ടാകാം എന്നത് മറ്റൊരു യാഥാർത്ഥ്യം. ശനിയുടെ അപഹാര കാലങ്ങളിൽ ശനീശ്വരനെയോ അയ്യപ്പനെയോ ഭജിക്കുക വഴി ശനി ദോഷങ്ങളെ അകറ്റാൻ സാധിക്കും.
ശനിഗ്രഹ ദോഷം അനുഭവിക്കുന്നവർ ശനി ഗ്രഹദോഷ പരിഹാര മന്ത്രം ചൊല്ലുന്നതും ശനീശ്വരനെ പ്രത്യേകമായി പൂജിക്കുന്നതും വളരെ നല്ലതാണ്. ശനി അനുകൂലമായി വന്നാൽ സർവ്വസൗഭാഗ്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം. എന്നാൽ ശനി അനിഷ്ട സ്ഥാനത്ത് ആണെങ്കിൽ സർവ്വകാര്യ പരാജയം ആയിരിക്കും ഫലം.
ശനിയുടെ പ്രീതിക്കായി ശനീശ്വര പൂജ നടത്തുക, ശനീശ്വര മന്ത്രം ജപിക്കുക, ശനിയാഴ്ച വ്രതം നോക്കുക തുടങ്ങിയവ ചെയ്യാം. അതുപോലെ ശാസ്താക്ഷേത്രത്തിൽ നീരാഞ്ജനം കത്തിക്കുന്നത് നല്ലതാണ്. നവഗ്രഹ പ്രതിഷ്ഠ പ്രത്യേകമായി ഇല്ലാത്ത ക്ഷേത്രങ്ങളിൽ ശനിക്കുവേണ്ടി ശാസ്താവിന് പരമശിവന് പൂജ നടത്താം.
ശനിയാഴ്ച ദിവസം കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് എള്ളും പച്ചരിയും നൽകുന്നത് ദോഷപരിഹാരമായി കണക്കാക്കുന്നു. പാവപ്പെട്ടവർക്ക് ദാനധർമ്മങ്ങൾ നടത്തുന്നതും ദോഷപരിഹാരത്തിന് ഉത്തമമാണ്. ശനീശ്വരനായ ശിവൻ , ശാസ്താവ് , ഗണപതി, ഹനുമാൻ എന്നീ ദേവന്മാരെ പൂജിച്ചു തൃപ്തിപ്പെടുത്തുന്നതും ശനിദോഷമകന്നുപോകാനും ജീവിതത്തിൽ വിജയം കൈവരിക്കാനും നല്ലത് എന്നാണ് വിശ്വാസം.
വീടുകളിൽ ആണെങ്കിൽ ശനിദോഷ ശാന്തിക്ക് സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തിയ ശേഷം രണ്ടു മൺ ചിരാതുകളിൽ എള്ളെണ്ണ ഒഴിച്ച് എള്ളുതിരി തെളിയിക്കുന്നത് ഉത്തമ പരിഹാരമാർഗമാണ്. ശിവന്റെയും ശാസ്താവിന്റെയും നാമങ്ങൾ ജപിക്കണം. തുടർച്ചയായ നാമജപത്തിലൂടെ ശനിദോഷം മാറിക്കിട്ടും എന്നാണ് വിശ്വാസം.