സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകൾക്കായി 36,366 പുതിയ ലാപ്ടോപ്പുകൾ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 2023 ജനുവരി – മാർച്ച് മാസങ്ങളിൽ ആണ് കൈറ്റ് വഴി ലാപ്ടോപ്പുകൾ ലഭ്യമാവുക. മൂന്ന് വിഭാഗങ്ങളിലാണ് ഈ ലാപ്ടോപ്പുകൾ ലഭ്യമാകുന്നത്.
16,500 ലാപ്ടോപ്പുകൾ ഹൈടെക് സ്കൂൾ സ്കീമിൽ ലാബുകൾക്ക് നൽകും. സ്കൂളുകളിലെ ഹൈടെക് ലാബുകൾക്ക് ലാപ്ടോപ്പ് നൽകുന്നത് ഹൈസ്കൂൾ- ഹയർസെക്കൻഡറി- വൊക്കേഷണൽ ഹയർസെക്കൻഡറി വ്യത്യാസമില്ലാതെ പൊതുവായി ഉപയോഗിക്കാനാണെന്നും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിരീക്ഷിക്കും എന്നും മന്ത്രി പറഞ്ഞു. 2360 ലാപ്ടോപ്പുകൾ പുതിയ ടെൻഡറിലൂടെ വിദ്യാകിരണം പദ്ധതിയ്ക്ക് നൽകും. വിദ്യാകിരണം പദ്ധതിയുടെ പുന ക്രമീകരണത്തിലൂടെ 17506 ലാപ്ടോപ്പുകളും നൽകും.
ഇന്ത്യയിൽ നടപ്പാക്കിയതും വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ ഐടി പ്രോജക്ടുമാണ് കേരളത്തിലെ ഹൈടെക് സ്കൂൾ – ഹൈടെക് ലാബ്. ഒരേസമയം 5 ലക്ഷത്തോളം ഉപകരണങ്ങൾക്ക് എ എം സി ഏർപ്പെടുത്തുന്നതും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതും രാജ്യത്ത് ആദ്യമായാണെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് നടപ്പിലാക്കുന്ന ഐടി പദ്ധതികൾ ഉയർന്ന പരിഗണനയോടുകൂടിയാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.