ന്യൂഡൽഹി: ലക്ഷമണ ചന്ദ്ര വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ പത്തരയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ വച്ചാണ് വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റത്. അതേസമയം ബിജെപി മഹിളാമോർച്ച നേതാവ് കൂടിയായ വിക്ടോറിയ ഗൗരിയെ അഡീഷണൽ ജഡ്ജിയായി കേന്ദ്രസർക്കാർ നിയമിച്ചതിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി. ഗൗരിയുടെ നിയമനം റദ്ദാക്കാനുള്ള ഉത്തരവ് ഇറക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
വിക്ടോറിയ ഗൗരിയുടെ നിയമന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ അന്നാ മാത്യൂസ്, സുധാ രാമലിംഗം, ഡി നാഗശില തുടങ്ങിയവരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. മുസ്ലിം വിഭാഗങ്ങൾക്കെതിരെ ഗൗരി വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്തെ മുൻനിർത്തിയാണ് ഗൗരിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിക്ക് ലഭിച്ചത്. വരുന്ന പത്താം തീയതിഹർജി പരിഗണിക്കാൻ ഇരിക്കവെയാണ് ഗൗരിയുടെ നിയമന പ്രഖ്യാപനം നിയമമന്ത്രി കിരൺ റിജിജു അറിയിച്ചത്. ഇതിനെ തുടർന്ന് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായി എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിക്ടോറിയ ഗൗരിയുടെ രാഷ്ട്രീയ പശ്ചാത്തലങ്ങളെ കുറിച്ചോ, വിവാദ പരാമർശങ്ങളെ കുറിച്ചോ കൊളീജിയത്തിന് അറിയാതിരിക്കാൻ വഴിയില്ലെന്നും, ഗൗരിയുടെ യോഗ്യത പരിശോധിക്കാൻ മാത്രമേ കോടതിക്ക് കഴിയൂ എന്നും മറിച്ച് ആ വ്യക്തി ജഡ്ജി ആകാൻ അനുയോജ്യ ആണോ അല്ലയോ എന്ന് പറയാൻ കോടതിക്ക് കഴിയില്ല എന്നും ബഞ്ച് വ്യക്തമാക്കി. കൊളീജിയം ഗൗരിയുടെ പേര് ശുപാർശ ചെയ്തതിന് പിന്നാലെയാണ് ഗൗരിയ്ക്കെതിരായ ഹർജി സുപ്രീംകോടതിയിൽ എത്തിയത്.