കൊല്ലത്തെ ഫോർസ്റ്റാർ തീരദേശ റിസോർട്ടിൽ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്നും 38 ലക്ഷം രൂപ ചിലവിലാണ് ചിന്ത ജെറോമിന്റെ താമസമെന്നും ചിന്തയ്ക്ക് ഇതിനുള്ള വരുമാനം എവിടെ നിന്ന് എന്ന കാര്യം അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളമാണ് വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും പരാതി നൽകിയത്.
8500 രൂപയോളം ശരാശരി ദിവസ വാടക വേണ്ടിവരുന്ന റിസോർട്ടിൽ ഒന്നേമുക്കാൽ വർഷത്തേക്ക് ഏകദേശം 38 ലക്ഷം രൂപയോളം ആണ് ചിന്ത കൊടുക്കേണ്ടത്. ഇത്രയും പൈസയ്ക്കുള്ള ചിന്തയുടെ വരുമാന സ്രോതസിനെ പറ്റി അന്വേഷിക്കണം എന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
എന്നാൽ അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം. മാസം ഇരുപതിനായിരം രൂപയാണ് വാടകയായി നൽകിയതെന്നും ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് താമസം മാറി എന്നും ചിന്ത വിശദീകരിച്ചു.