ഭയാനകമായ കാഴ്ചകളാണ് തുർക്കിയിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം തുർക്കി-സിറിയൻ അതിർത്തി മേഖലയിൽ ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ രണ്ടു ഭൂകമ്പങ്ങളാണ് രാവിലെയും വൈകുന്നേരവുമായി തുർക്കിയിൽ ഉണ്ടായത്. ഇതിന്റെ പിന്നാലെ ശക്തമായ തുടർ ചലനങ്ങളും അനുഭവപ്പെട്ടതോടെ തുർക്കിയിലും സിറിയയിലും ആയി നിരവധി കെട്ടിടങ്ങൾ നിലം പൊത്തി. ആയിരക്കണക്കിന് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർക്കും കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിയവർക്കുമുള്ള രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണ്.
തുർക്കിയിൽ മാത്രം 2,900 പേർ കൊല്ലപ്പെട്ടതായും 15,000ൽ ഏറെ പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. സിറിയയിൽ ഇതുവരെ 1,500ലേറെപ്പേർ മരിച്ചു. തകർന്നടിഞ്ഞ പ്രദേശങ്ങളിൽ 10000 ത്തോളം ജനങ്ങളാണ് തണുത്ത് വിറങ്ങലിച്ച് തെരുവിൽ കഴിയുന്നത്. ഇരുരാജ്യങ്ങളിലും മരണസംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ഇതുവരെ 14,000ലധികം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. നിരവധി പേരാണ് കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത്.
ദുരന്ത സാഹചര്യത്തെ തുടർന്ന് തുർക്കി പ്രസിഡന്റ് രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത പത്ത് ദിവസത്തേക്ക് അടച്ചിട്ടു. ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്ത്യക്ക് പുറമെ, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിരിക്കുന്നത്.
നൂറുവർഷത്തിനിടെ തുർക്കിയിലുണ്ടാകുന്ന ഏറ്റവും വിനാശകാരിയായ ഭൂചലനമാണിതെന്ന് യു എസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു.