ന്യൂമോണിയ ബാധിതനായി നെയ്യാറ്റിൻകര മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മച്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ഇന്ന് രാവിലെയാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി ഉമ്മൻചാണ്ടിയെ കണ്ടത്. മന്ത്രി ഡോക്ടർമാരുമായി കൂടികാഴ്ച നടത്തുകയും മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ തുടർ ചികിത്സ നടത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ആണ് ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രിയിൽ എത്തിയത്.
മുഖ്യമന്ത്രി ഇന്നലെ ഉമ്മൻചാണ്ടിയുടെ ബന്ധുക്കളോട് ഫോണിൽ സംസാരിച്ചിരുന്നു. ന്യൂമോണിയ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ വൈകിട്ട് ആണ് ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉമ്മൻചാണ്ടിയ്ക്ക് വീട്ടുകാർ ചികിത്സ നിഷേധിക്കുന്നു എന്ന സഹോദരന്റെ പരാതി വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. അതേസമയം ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം എന്ന് മിംസിലെ ഡോക്ടർ മഞ്ജു തമ്പി അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും മരുന്നുകൾ നൽകിവരുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.