വഴിയോരങ്ങളിലെ അനധികൃത ഫ്ലക്സ് നീക്കം ചെയ്യാത്തത്തിന് കേരളസർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വഴിയോരങ്ങളിലെ അനധികൃത ഫ്ലക്സുകൾ മാറ്റാൻ ചെയ്യണമെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ നിർദ്ദേശങ്ങൾ പാലിക്കപ്പെടാത്തതിനെ തുടർന്ന് ഫ്ലക്സുകൾ ഇളക്കി മാറ്റാൻ ഉദ്ദേശിക്കുന്നില്ലേ? എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ക്ഷമയെ ദൗർബല്യമായി കാണരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രതികരിച്ചു. വിഷയത്തിൽ വ്യവസായ സെക്രട്ടറിയോട് സത്യവാങ്മൂലം സമർപ്പിക്കാൻ കഴിഞ്ഞമാസം 24ന് കോടതി പറഞ്ഞതാണെന്നും ഇതുവരെയും അത് ചെയ്തിട്ടില്ല എന്നും കോടതി കുറ്റപ്പെടുത്തി. സർക്കാരിന് എന്തുമാവാം എന്ന് നയം പാടില്ലെന്നും കോടതി ഓർമിപ്പിച്ചു.
മാറ്റിയ ഫ്ലക്സ് ബോർഡുകൾക്ക് പകരം പുതിയ ബോർഡുകൾ സ്ഥാപിക്കപ്പെട്ടെന്ന് അമിക്വസ് ക്യൂറിയും ഫ്ലക്സ് നീക്കം ചെയ്യുന്നതിൽ പോലീസ് സഹകരിക്കുന്നില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിയും വ്യക്തമാക്കി. അനധികൃത കൊടിതോരണങ്ങളും ഫ്ളക്സ് ബോർഡുകളും നീക്കം ചെയ്തില്ലെങ്കിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്കും സമിതി അംഗങ്ങൾക്കും ഉത്തരവാദിത്വം ചുമത്തുമെന്നും കോടതി അറിയിച്ചു.