ഭൂകമ്പത്തില്‍ ദുരന്തഭൂമിയായി മാറിയ തുര്‍ക്കിയില്‍ വീണ്ടും ദുരന്തം വിതച്ച് രണ്ടാമതും ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1. 24നാണ് രണ്ടാമത്തെ ഭൂകമ്പം ഉണ്ടായത്. എകിനോസു പട്ടണത്തിൽ നിന്നും നാല് കിലോമീറ്റർ മാറിയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഇന്ന് പുലർച്ചെ തുർക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂചലനത്തിൽ മരണമടഞ്ഞവരുടെ എണ്ണം 1500 കടന്നു.
ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന് ശേഷം ഏകദേശം 12 മണിക്കൂറിന് ശേഷം, വൈകുന്നേരത്തോടെയാണ് തുര്‍ക്കിയില്‍ വീണ്ടും ഭൂചലനമുണ്ടായത്. ഭൂകമ്പത്തിൽ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അടിയന്തര യോഗം ചേര്‍ന്ന് ഭൂകമ്പബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 4.15ഓടെയാണ് തുര്‍ക്കിയില്‍ ആദ്യ ഭൂചലനം അനുഭവപ്പെട്ടത്.സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗാസിയാന്‍ടെപ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സിറിയയിലും ഭൂകമ്പം വന്‍ നാശം വിതച്ചു. ഭൂകമ്പത്തില്‍ അംബരചുംബികളായ നിരവധി കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണു. വന്‍തോതില്‍ നാശനഷ്ടമുണ്ടായ പല നഗരങ്ങളിലും രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. 5,380 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പത്തില്‍ 2818 കെട്ടിടങ്ങള്‍ തകര്‍ന്നു. ഇതുവരെ 2470 പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
തുര്‍ക്കിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം ഇവിടെ ഭൂകമ്പങ്ങള്‍ ഇടക്കിടക്ക് ഉണ്ടാവാറുണ്ട്. 1999ല്‍ ഇവിടെയുണ്ടായ ഭൂകമ്പത്തില്‍ 18000 പേരും 2011 ഒക്ടോബറിലുണ്ടായ ഭൂകമ്പത്തില്‍ 600-ലധികം പേരും മരണമടഞ്ഞു.