ഇസ്താംബുൾ: തുർക്കിയിലും സിറിയയിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണമടഞ്ഞവരുടെ എണ്ണം 1500 കടന്നു. മരണസംഖ്യ ഇനിയും ഉയർമെന്നാണ് റിപ്പോർട്ടുകൾ. സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തെക്ക് കിഴക്കൻ പ്രദേശമായ ഗാസിയാൻടെപ്പിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക സമയം നാലുമണിയോടുകൂടിയാണ് ഇവിടെ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിൽ 1500ലധികം പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ധാരാളം പേർ ഇതിനുള്ളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപപ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം ഉണ്ടായതായാണ് വിവരം. ആദ്യ ചലനം തുടങ്ങി 11 മിനിറ്റിനുശേഷം 6.7 തീവ്രതയിൽ സിറിയയിൽ രണ്ടാമതൊരു ചലനം കൂടി അനുഭവപ്പെട്ടു.