പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. ഏറെ കാലമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ദുബായിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ആറു വർഷത്തിലേറെയായി ദുബായിൽ താമസമാക്കിയ മുഷറഫ് നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു.
രാജ്യത്തെ കരസേന മേധാവിയായിരുന്ന മുഷറഫ് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001 മുതൽ 2008 വരെ പാകിസ്താൻ പ്രസിഡൻ്റ് ആയിരുന്ന മുഷറഫ് 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു.
കാർഗിൽ യുദ്ധ കാലത്തിന്റെ പാക് സൈനിക മേധാവിയായിരുന്നു മുഷറഫ് പട്ടാള അട്ടിമറിയിലൂടെ പാകിസ്ഥാനിൽ അധികാരത്തിലേറി. 1999 ഒക്ടോബറിൽ 13ന് അധികാരം പിടിച്ചെടുത്ത മുഷറഫ്, പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെറീഫിനെ തടവിലാക്കി. അതിന് ശേഷം 2001 ൽ പാകിസ്ഥാൻ പ്രതിരോധ സേനയുടെ സമ്പൂർണ മേധാവിയായി പട്ടാള ഭരണത്തിന് നേതൃത്വം നൽകി. 2001 ജൂണിലാണ് കരസേനാ മേധാവി സ്ഥാനം നിലനിർത്തി മുഷറഫ് പ്രസിഡന്റായത്. 2008 ഓഗസ്റ്റ് എട്ടിന് അധികാരം ഒഴിഞ്ഞു. ഏറെ കാലമായി പാക് രാഷ്ട്രീയത്തിൽ നിന്നും പുറന്തള്ളപ്പെട്ട മുഷറഫിനെതിരെ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ കുറ്റമടക്കം ചുമത്തപ്പെട്ടിരുന്നു. പാക് പ്രാദേശിക കോടതി മുഷറഫിനെ മുൻപ് വധശിക്ഷക്കും വിധിച്ചിരുന്നു. പാകിസ്ഥാനിൽ വന്നാൽ ശിക്ഷിക്കപ്പെടുമെന്ന് ഭയന്ന് ഏറെ കാലമായി മുഷറഫ് ദുബായിലായിരുന്നു താമസം.