ഇടുക്കി: റിസോർട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന കേസിൽ നടൻ ബാബുരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി പോലീസ് ആണ് ബാബുരാജിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് ബാബുരാജിനെ കോടതിയിൽ ഹാജരാക്കി. നടന് കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ബാബുരാജ് അടിമാലി പോലീസ് സ്റ്റേഷനിൽ ഹാജരായത്.
റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടി എന്ന് കരാറുകാരനായ അരുൺകുമാറിന്റെ പരാതിയിലാണ് ബാബുരാജിനെ വഞ്ചന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാർ ആനവിരട്ടിയ്ക്ക് സമീപം നടൻ നടത്തിവന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ് സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് നടനെതിരെ കേസ്. 22 കെട്ടിടങ്ങളോളം ഉൾപ്പെടുന്ന ഈ സ്ഥാപനം നിൽക്കുന്ന സ്ഥലത്തിന്റെ പട്ടയം നിലവിലെ ചട്ടപ്രകാരം നൽകിയിട്ടുള്ളതല്ല എന്ന് തിരിച്ചറിഞ്ഞ് റവന്യൂ വകുപ്പ് ഇവിടെ നിന്നും ഒഴിയണമെന്ന് കാണിച്ച് റിസോർട്ട് നടത്തിപ്പുകാർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ 2020 ഫെബ്രുവരിയിൽ 40 ലക്ഷം രൂപ ഡെപ്പോസിറ്റും മൂന്നുലക്ഷം രൂപ മാസ വാടകയും പ്രകാരം റിസോർട്ടിന്റെ നടത്തിപ്പ് മാർച്ച് 15 മുതൽ തനിക്ക് നൽകാമെന്ന് കാണിച്ച് ബാബുരാജ് കരാർ നൽകിയെന്നും താൻ 40 ലക്ഷം രൂപ ബാബുരാജിന് കൊടുത്തു എന്നുമാണ് അരുൺ കുമാർ പറയുന്നത്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കരാർ പ്രകാരം മുന്നോട്ടു പോകാൻ കഴിഞ്ഞില്ലെന്നും താൻ നൽകിയ പണം തിരിച്ചു വേണം എന്നുമാണ് പരാതിക്കാരന്റെ ആവശ്യം.

