ചെന്നൈ : പ്രശസ്ത തെന്നിന്ത്യൻ ഗായിക വാണിജയറാം (77) അന്തരിച്ചു. ഇന്ന് ചെന്നൈയിലെ വസതിയിൽ ആയിരുന്നു അന്ത്യം. ഇന്ന് രാവിലെയോട് കൂടിയാണ് ചെന്നൈ നുങ്കംപക്കത്തിലെ വസതിയിൽ നിലത്ത് വീണു കിടക്കുന്ന നിലയിൽ വാണിയെ കണ്ടെത്തിയത്. രാവിലെ 11 മണിയോടുകൂടി വീട്ടുജോലക്കാരി എത്തുമ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് വിവരം അയൽവാസികളെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. ബന്ധുക്കൾ എത്തിയ ശേഷവും വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി വാതിൽ തകർത്ത് അകത്തു കയറി നോക്കുകയുമായിരുന്നു. നിലത്ത് വീണു കിടന്ന വാണിയുടെ നെറ്റിയിൽ മുറിപ്പാടുകൾ കണ്ടെത്തി. നിലത്ത് വീഴുന്നതിനിടയിൽ സമീപത്തെ ടീപ്പോയിൽ തലയിടിച്ച് വീണതാകാം മുറിവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭർത്താവിന്റെ മരണശേഷം വാണിജയറാം ഒറ്റയ്ക്കായിരുന്നു താമസം.
മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നുതവണ ലഭിച്ച വാണി ജയറാമിന് ഈ വർഷം പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിരുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങീ ഇരുപതോളം ഇന്ത്യൻ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.