ഫെബ്രുവരി 1 ന് മതനിന്ദാപരമായ ഉള്ളടക്കത്തിന്റെ പേരില്‍ വിക്കിപീഡിയയുടെ സേവനങ്ങള്‍ 48 മണിക്കൂര്‍ ബ്ലോക്ക് ചെയ്തിരുന്നതായാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘പിടിഎ യുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പ്ലാറ്റ്ഫോം പരാജയപ്പെട്ടതിനാല്‍, റിപ്പോര്‍ട്ടുചെയ്ത ഉള്ളടക്കങ്ങള്‍ തടയുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശത്തോടെ, വിക്കിപീഡിയയുടെ സേവനങ്ങള്‍ 48 മണിക്കൂര്‍ ബ്ലോക് ചെയ്തിരിക്കുന്നു,’ എന്ന് പിടിഎ ട്വീറ്റില്‍ കുറിച്ചു. വിദ്വേഷകരമായ ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിക്കിപീഡിയ സേവനങ്ങള്‍ തടഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. നിയമങ്ങള്‍ പാലിക്കണമെന്ന് പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി പിടിഎ വിക്കിപീഡിയയ്ക്ക് മുന്നറിയിപ്പ് നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയതതിന് ശേഷം വിക്കിപീഡിയയുടെ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നത് പരിശോധിക്കുമെന്ന് റെഗുലേറ്റര്‍ അറിയിച്ചു. കുറ്റകരമായ ഉള്ളടക്കങ്ങള്‍ തടയുന്നതിനും നീക്കം ചെയ്യുന്നതിനുമായി വിക്കിപീഡിയയെ സമീപിച്ചതായി പിടിഎ അറിയിച്ചു. അതേസമയം എന്ത് തരം വിവരങ്ങളാണ്വിക്കിപീഡിയയോട് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല. മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്യണമെന്നുളള നിര്‍ദ്ദേശം വിക്കിപീഡിയ പാലിക്കുകയോ അധികാരികള്‍ക്ക് മുന്നില്‍ ഹാജരാകുകയോ ചെയ്തിട്ടില്ലെന്ന് പിടിഎ പ്രസ്താവനയില്‍ പറഞ്ഞു.