അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണവുമായി പുറത്തിറക്കിയ ഹിൻഡൻ ബർഗ് റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ് രംഗത്തെത്തി. മിത്ത് ഓഫ് ഷോർട്ട് സെല്ലർ എന്ന തലക്കെട്ട് കൂടിയാണ് റിപ്പോർട്ട് പുറത്തിറക്കിയിട്ടുള്ളത്.ഏഴ് ഭാഗങ്ങളായി തിരിച്ചിട്ടുള്ള റിപ്പോർട്ടിൽ ഓഡിറ്റിംഗ് രീതി, കടബാധ്യത, വരുമാനം, ബാലൻസ് ഷീറ്റ്, ഭരണസംവിധാനം തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം നൽകിയിട്ടുള്ളത്. ധനകാര്യ മാധ്യമമായ ലൈവ് മിന്റിലാണ് റിപ്പോർട്ട് പുറത്തുവന്നത്.
ഓഹരി വിപണിയിൽ സ്റ്റോക്കിൽ അദാനി ഗ്രൂപ്പ് ഗുരുതര ക്രമക്കേടുകളും അക്കൗണ്ട് തിരിമറികളും നടത്തിയെന്ന ആരോപണമാണ് ഹിൻഡൻ ബർഗ് നടത്തിയത്. ജനുവരി 24ന് ഹിൻഡൻ ബർഗിന്റെ റിപ്പോർട്ട് പുറത്തുവന്നതിനുശേഷം അദാനി ഗ്രൂപ്പിന് വൻ തകർച്ചയാണ് ഉണ്ടായത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്ന 7 കമ്പനികൾക്ക് കൂടി അദാനിയ്ക്ക് നഷ്ടമായത് 48 ബില്യൺ ഡോളർ ആയിരുന്നു.
ഹിൻഡൻ ബർഗ് ഉയർത്തിയ 89 ചോദ്യങ്ങളിൽ 21 ചോദ്യവും കോടതികളിലെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെയും മറ്റ് കേസുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. 2015 മുതൽ കമ്പനി പുറത്തുവിട്ട രേഖകളിൽ ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത് കൊണ്ട് തന്നെ ഇതിന് ഇനി ഒരു വിശദീകരണം ആവശ്യമില്ലെന്നും അദാനി ഗ്രൂപ്പ് പറയുന്നു. ദിവസേന വലിയ തോതിലുള്ള പണമിടപാട് നടത്തുന്ന അദാനി പോലൊരു ഗ്രൂപ്പിന്റെ കണക്ക് നോക്കാൻ യോഗ്യതയില്ലാത്ത കമ്പനികളാണ് അദാനി ഗ്രൂപ്പിന്റെ കണക്കുകൾ കൈകാര്യം ചെയ്യുന്നതെന്ന് ഹിൻഡൻ ബർഗ് ആരോപിച്ചിരുന്നു. കമ്പനിയുടെ പേരും മറ്റു വിശദ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. വരുമാനത്തിലെയും ബാലൻസ് ഷീറ്റിലെയും ക്രമക്കേടുകളെ പറ്റിയുള്ള ഹിൻഡൻ ബർഗിന്റെ ചോദ്യത്തിന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്ന 9 സ്ഥാപനങ്ങളിൽ 6 സ്ഥാപനങ്ങളുടെയും ഇടപാടുകൾ കൃത്യമായി പരിശോധിച്ചു ഉറപ്പുവരുത്തുമെന്നും ഗ്രൂപ്പ് അറിയിച്ചു.