ദുബൈ: റിപ്പബ്ലിക് ദിനത്തിന്‍റെ 74ാം വര്‍ഷം അടയാളപ്പെടുത്തുന്നത് രാജ്യത്തിന്റ ഭരണഘടനയെ അനുസ്മരിപ്പിക്കുന്ന ദിനം കൂടിയാണെന്നും ഈ ദിനം ആഘോഷിക്കപ്പെടുന്നത് ജനങ്ങളുടെയും നേട്ടങ്ങളുടെയും സംസ്കാരത്തിന്റെയും മഹത്തായ ചരിത്രമാണെന്നും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപകചെയര്‍മാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പന്‍ റിപ്പബ്ലിക് ദിനസന്ദേശത്തിൽ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങള്‍ അനുസ്മരിക്കുകയും രാജ്യത്തിന്‍റെ നേട്ടങ്ങള്‍ ആഘോഷിക്കുകയും ചെയ്യുകയാണ് ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാരുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ എല്ലാ മേഖലകളിലും സുപ്രധാനമായ നാഴികക്കല്ലുകള്‍ കൈവരിച്ചിട്ടുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, ഡേറ്റ, ഭക്ഷ്യസുരക്ഷ, സാക്ഷരത, കാലാവസ്ഥ, പരിസ്ഥിതി തുടങ്ങിയ നിരവധി മേഖലകളില്‍ രാജ്യം മാതൃകപരമായി മുന്നേറുകയാണ്.
കഴിഞ്ഞ എട്ടുപതിറ്റാണ്ടുകളിൽ വളരെയധികം പുരോഗതി കൈവരിച്ച ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ലോകത്തെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാൻ കഴിഞ്ഞു. ഈവര്‍ഷം ജി-20 അധ്യക്ഷസ്ഥാനവും ഇന്ത്യ കരസ്ഥമാക്കി. സ്വാതന്ത്ര്യത്തിന്റെ 75 ആം വർഷത്തെ സൂചിപ്പിക്കുന്ന “ആസാദി ക അമൃത് മഹോത്സവ്” വേളയിൽ ഇന്ത്യയുടെ പ്രഥമ വനിത ഗോത്രവര്‍ഗ മേഖലയില്‍ നിന്നുള്ള ദ്രൗപദി മുര്‍മുവാണെന്നതും, നാരീശക്തിയാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ നിർദേശിക്കപ്പെട്ട പ്രമേയങ്ങളിലൊന്നെന്നതും ശ്രദ്ധേയമാണ്. സ്റ്റാര്‍ട്ട് അപ് ഇന്ത്യ, മെയ്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ തുടങ്ങിയ സർക്കാർ ഉദ്യമങ്ങൾ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ട്.
യുഎസിനും ചൈനക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റമായി ഇന്ത്യയെ പ്രഖ്യാപിക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേൽനോട്ടത്തിൽ യുവജനങ്ങളിൽ കേന്ദ്രഗവൺമെന്റിനിടെ നിരന്തരമായ ഇടപെടൽ കാരണമാണ് ഇത് സാധ്യമായത് എന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ഏറ്റവും കുറഞ്ഞ മരണനിരക്കില്‍ കോവിഡ് 19-നെ കൈകാര്യം ചെയ്തതിലും പ്രതിരോധകുത്തിവയ്‌പ്പ് കാര്യക്ഷമമായി നടത്തുന്നതിലും ഇന്ത്യ വിജയിച്ചു. എന്നിരുന്നാലും ജനങ്ങളുടെ ആരോഗ്യം രാജ്യത്തിന്‍റെ സമ്പത്തായതിനാല്‍ ആരോഗ്യ മേഖലക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ആരോഗ്യ സംരക്ഷണത്തിനുള്ള സര്‍ക്കാര്‍ ബജറ്റ് മൂന്നുശതമാനമായി വർധിപ്പിക്കണമെന്ന് നിർദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ശേഷി വർധിപ്പിക്കുന്നതിനൊപ്പം പ്രാഥമിക, പ്രതിരോധപരിചരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതില്‍ ഒരു ഭൂമിശാസ്ത്രപരമായ മുന്നേറ്റം നമുക്കുള്ളതിനാല്‍, അടുത്ത ദശകത്തില്‍ ജി.ഡി.പി വളര്‍ച്ചയില്‍ രാജ്യം മറ്റ് രാജ്യങ്ങളെ മറികടക്കുമെന്നും ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.