പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ ‘ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാൻ ബിബിസി അവസാനവട്ടഒരുക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗമാണ് ഇന്ന് സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. 2019ൽ മോദി സർക്കാർ അധികാരത്തിലേറിയതിനുശേഷമുള്ള സർക്കാരിന്റെ ട്രാക്ക് റെക്കോർഡാണ് രണ്ടാം ഭാഗത്ത് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതും, പൗരത്വ നിയമവും, മുസ്ലിങ്ങൾക്ക് എതിരെ നടന്ന ആക്രമങ്ങളുടെ വിശദാംശവും ഉൾക്കൊള്ളുന്നവയാണ് രണ്ടാം ഭാഗം എന്ന് ബിബിസി അറിയിച്ചു. അതേസമയം ആദ്യഭാഗം സംപ്രേഷണം ചെയ്തപ്പോൾ ഉണ്ടായ ജാഗ്രതക്കുറവ് നികത്താൻ സാമൂഹികമാധ്യമ കമ്പനികൾക്ക് വാർത്താ വിതരണ മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുള്ളതായാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഡോക്യുമെന്ററിയുടെ ആദ്യഭാഗം നേരത്തെ ബിബിസി സംപ്രേഷണം ചെയ്തിരുന്നു. ഇത് രാജ്യത്താകെ വ്യാപകമായ പ്രതിഷേധവും വിവാദവും ഉയർത്തിയിരുന്നു. ബിബിസി സംപ്രേഷണം ചെയ്ത ആദ്യഭാഗത്തിന്റെ ലിങ്കിനെ സംബന്ധിച്ച നൂറുകണക്കിന് ട്വീറ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തിരുന്നു. യുകെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഡോക്യുമെന്ററിയുടെ ആദ്യ ഭാഗങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നതെന്നാ ണ് അറിയാൻ കഴിയുന്നത്.
എന്നാൽ ഡോക്യുമെന്ററിയുടെ ആദ്യഭാഗം ജെഎൻ യു ക്യാമ്പസിൽ പ്രദർശിപ്പിക്കാനിരുന്ന നടപടിയെ സർവ്വകലാശാല തടഞ്ഞു. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെ വിലക്കികൊണ്ടുള്ള ഉത്തരവ് സർവ്വകലാശാല രജിസ്ട്രാർ പുറത്തുവിട്ടു. ക്യാമ്പസിനുള്ളിലെ സമാധാനാന്തരീക്ഷം തകരാതിരിക്കാനാണ് നടപടിയെന്നും ഉത്തരവ് ലംഘിച്ചാൽ കർശനമായ നടപടി എടുക്കുമെന്നും വിദ്യാർത്ഥി യൂണിയന് സർവകലാശാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.