ദുബായ് : ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഗൾഫ് മേഖലയിലെ ആദ്യ ഇന്റഗ്രേറ്റഡ് ഹെല്‍ത് കെയര്‍ ആപ്പായ മൈ ആസ്റ്ററിന്റെ സമ്പൂര്ണപതിപ്പ് ഔപചാരികമായി പുറത്തിറക്കി. അപ്പോയിന്റ്മെന്റ് ബുക്കിംഗ്, ഡോക്ടര്‍മാരുടെ ഓണ്‍ലൈനിലും നേരിട്ടുമുള്ള കണ്‍സള്‍ട്ടിംഗ്, മരുന്നുകുറിപ്പുകളും സ്കാനുകളും മെഡിക്കല്‍ രേഖകളും, ഒരു ബട്ടനമര്‍ത്തിയാല്‍ വീടുകളില്‍ മരുന്നുകളെത്തിക്കല് തുടങ്ങിയ ഒട്ടേറെ സേവനങ്ങള്‍ക്കായി ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ യുഎഇയിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍, ക്ളിനിക്കുകള്‍, ഡയഗ്നോസ്റ്റിക് സെന്ററുകള്‍, ഫാര്‍മസികള്‍ എന്നിവയിലേക്ക് പൂര്ണപ്രവേശനം നല്കി പേഷ്യന്റ് കെയര്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമായ മൈ ആസ്റ്റര്‍ ആരോഗ്യപരിപാലന മാനേജ്മെന്റ് രോഗികളുടെ കൈകളിലെത്തും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അവതരിപ്പിച്ച മൈ ആസ്റ്റര്‍ ആപ്പ് ഇപ്പോള്‍ ആപ്പ് സ്റ്റോറിലും പ്ളേ സ്റ്റോറിലും ഒന്നാംസ്ഥാനം നേടി 10 ലക്ഷത്തിലധികം പേർക്ക് സേവനം ചെയ്തുകഴിഞ്ഞതായും 3.5 ലക്ഷം ഡൗണ്‍ലോഡുകള്‍ പിന്നിട്ടതായും അധികൃതർ വെളിപ്പെടുത്തി.
മികച്ച സേവനങ്ങള്‍ നല്‍കുകയും അവ തുടര്‍ച്ചയായി പരിഷ്കരിക്കുകയും ചെയ്തുകൊണ്ട് ആരോഗ്യമേഖല വികസിപ്പിക്കാനുള്ള യുഎഇയുടെ 2031 വിഷനോട് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ചേര്ന്നുനില്ക്കുന്നുവെന്നും ഇന്ത്യയടക്കം മറ്റിടങ്ങളിലും വൈകാതെ പുറത്തിറക്കുമെന്നും ആപ് ലോഞ്ചിങ് ചടങ്ങിൽ സംസാരിച്ച ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന് പറഞ്ഞു. ലോകോത്തര മെഡിക്കല്‍ പരിചരണം മികവോടെ നല്‍കാനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ‘മൈ ആസ്റ്റര്‍’ പ്ലാറ്റ്ഫോം ആരംഭിച്ചതെന്നും അവര്‍ വ്യക്തമാക്കി.
മുഴുവന്‍ ആസ്റ്റര്‍ സേവനങ്ങളെയും ഒരു കുടക്കീഴില് കൊണ്ടുവരുന്ന ആപ്പാണ് ‘മൈ ആസ്റ്ററെ’ന്ന് ആസ്റ്റര്‍ ഡി.എം ഹെൽത്ത് കെയറിലെ ഡിജിറ്റല്‍ ഹെൽത്ത് സി.ഇ.ഒ ബ്രാന്‍ഡണ്‍ റോബറി പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആപ്ലിക്കേഷനിലൂടെ ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍മാരുടെ അപ്പോയിന്റ്മെന്റ് ബുക്കിംഗ് ലഭ്യമാവുന്നതിനോടൊപ്പം ഡോക്ടര്‍മാരുടെ ഷെഡ്യൂളുകളും സ്ളോട്ടുകളും കാണാന്‍ കഴിയുമെന്നും 30 മിനിറ്റിനുള്ളില്‍ ഒരു ജനറല്‍ പ്രാക്ടീഷണറുമായി വീഡിയോ കണ്‍സള്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന ഇന്‍സ്റ്റന്റ് ജിപി ഫീച്ചറും ആപ്പില്‍ ആരംഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് ആശുപത്രികളിലെയും 48 ക്ളിനിക്കുകളിലെയും 20 മെഡിക്കല്‍ സ്പെഷ്യാലിറ്റികളിലെയും 430 ഡോക്ടര്‍മാരുടെ ബുക്കിംഗ് ഉള്‍പ്പെടെയുള്ളവ ഇതിന്റെ സവിശേഷതകൾ ആണ്. വീഡിയോ കണ്‍സള്‍ട്ടേഷനുകള്‍, സുരക്ഷിത ഗേറ്റ്വേകളിലൂടെ ഓണ്‍ലൈന്‍ പേയ്മെന്റ്സ്, ഡോക്ടറുടെ കുറിപ്പില്‍ നിന്നും 90 മിനിറ്റുകള്‍ക്കകം ഓണ്‍ലൈന്‍ ഫാര്‍മസി സൗകര്യം, ഓണ്‍ലൈനിലൂടെ പ്രധാനപ്പെട്ട ഹെല്‍ത്-വെല്‍നസ് ഉല്പന്നങ്ങളും ഓഫറുകളും ഡീലുകളും എന്നിവയും ഈ ആപ്പില്‍ ലഭ്യമാണ്. സ്കാനുകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ആപ്പിലൂടെ രോഗികള്‍ക്ക് ലഭിക്കും. പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ ഒരു ഹെല്പ് സെന്റര്‍ പിന്തുണയ്ക്കുന്ന മൈ ആസ്റ്റര്‍ ആപ്പില്‍ ഇന്‍ ബില്‍റ്റ് ഓട്ടോമാറ്റിക് ഇന്‍ഷുറന്‍സ് ഇന്റഗ്രേഷനും അതിന്റെ അപ്രൂവലും ലഭ്യമാണ്. രോഗികളുടെയും മുഴുവന്‍ കുടുംബത്തിന്റെയും ഹെല്‍ത് കെയര്‍ ഡോക്യുമെന്റുകളും ഈ ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ സൂക്ഷിക്കാനാകും.