സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് പുത്തൻ ഉണർവേകികൊണ്ട് മൂന്ന് പുതിയ പദ്ധതികൾതുടങ്ങി. തിരുവനന്തപുരം ആർ.സി.സി യിലും തലശ്ശേരി എം.സി.സി യിലും റോബോട്ടിക് സർജറി സംവിധാനം (60 കോടി ), ആർ.സി.സി, എം.സി.സി തുടങ്ങിയവയിലെ പത്തോളജി കേന്ദ്രങ്ങൾ (18.87കോടി), ഏകാരോഗ്യവുമായി ബന്ധപ്പെട്ട ലാബ് സംവിധാനങ്ങളുടെ ശാക്തികരണം, ഗവേഷണം (49.02 കോടി ) എന്നിവയ്ക്ക് അനുമതി ലഭിച്ചു. ആരോഗ്യവകുപ്പിന്റെ ശുപാർശകൾക്ക് റീബിൽഡ് കേരള ഇനിഷ്യേറ്റീവിലൂടെ പണം അനുവദിക്കും.
ശസ്ത്രക്രിയ മേഖലയിലെ ഏറ്റവും അത്യാധുനിക ശസ്ത്രക്രിയ രീതികളിൽ ഒന്നാണ് റോബോട്ടിക് ശസ്ത്രക്രിയ. നിലവിൽ കേരളത്തിൽ ചില വമ്പൻ ആശുപത്രികളിൽ മാത്രമാണ് ഇത് സാധ്യമായിട്ടുള്ളത്. എം. സി.സി, ആർ.സി. സി എന്നിവിടങ്ങളിൽ ഇത് ലഭ്യമായി തുടങ്ങുന്നതോടെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഇതിന്റെ സേവനം ലഭ്യമാകും. വിവിധതരം ക്യാൻസറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക്സ് ശാസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദനയ്‌ക്ക് കുറവു വരുത്തുക, ശസ്ത്രക്രിയയ്ക്ക് ഇടയ്ക്കുള്ള രക്തസ്രാവം കുറയ്ക്കുക, രോഗിയെ കഴിവതും പെട്ടെന്ന് സാധാരണജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരുക തുടങ്ങിയവ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ലഭ്യമാകുന്ന പ്രത്യേകതകളാണ്. ഒരു സർജിക്കൽ റോബോട്ടിന്റെ സഹായത്തോടുകൂടി ശസ്ത്രക്രിയ നടത്തുന്ന ചികിത്സാരീതിയാണിത്.