ഇന്ത്യൻ ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി കൊണ്ട് പുതിയ ചരിത്രം കുറിച്ച് മുന്നേറുകയാണ് ഹോളിവുഡ് ചിത്രമായ ‘അവതാർ: ദ വേ ഓഫ് വാട്ടർ’. ബോക്സ് ഓഫീസിൽ നിന്നും മാത്രം 439.50 കോടിയാണ് അവതാർ 2 നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആഗോള ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ ആണ് അവതാറിന്റേത്. 12341 കോടി രൂപയാണ് നേടിയിട്ടുള്ളത്. വെർത്തിങ്ടൺ, സോയി സാൽഡാന, സ്റ്റീഫൻ ലാംങ്, സിഗോർണി വീവർ, കേറ്റ് വിൻസ്ലറ്റ് തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജെയിംസ് കാമറൂൺ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ആർത്തി പൂണ്ട മനുഷ്യൻ പ്രകൃതിക്കും അന്യഗ്രഹ ജീവികൾക്കും ഭീഷണിയാകുന്നകഥയാണ് അവതാറിന്റെ ആദ്യഭാഗത്ത് പറഞ്ഞത്. കഥയുടെ പശ്ചാത്തലം ഒരു ഉപഗ്രഹമായ പാണ്ടോരയും. അവിടുത്തെ അൺ ഒബ്റ്റേനിയം എന്ന അമൂല്യ വസ്തു കൈക്കലാക്കാൻ ശ്രമിച്ച മനുഷ്യർക്കെതിരെ പ്രയോഗിക്കാൻ തങ്ങളുടെ തലച്ചോർ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന അവതാറുകളെ ഉപഗ്രഹവാസികൾ സൃഷ്ടിച്ചെടുത്തു. സള്ളി എന്ന കഥാനായകൻ ഒരു അവതാറിനോട് അടുക്കുന്നതും അതിന്റെ സഹായത്തോടെ അവിടുത്തെ ജനവാസികളായ നാവികളോട് അടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് അവതാർ ഒന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. നീല മനുഷ്യരായ നാവികൾ ആധുനിക മനുഷ്യരോട് പോരാടുന്ന കഥ പറഞ്ഞ അവതാറിലെ കഥാപാത്രങ്ങളും അവരുടെ മക്കളുടെയും കഥയാണ് അവതാർ2 വിലെ പ്രമേയം.
ആദ്യഭാഗത്തിലെ വില്ലന്റെ നേതൃത്വത്തിലുള്ള സംഘം നാവിയുടെ രൂപത്തിൽ പാണ്ടോരയിലേക്ക് എത്തുന്നതുമുതലുള്ള കഥയാണ് അവതാർ 2വിൽ പറയുന്നത്. കുടുംബത്തിന്റെ സുരക്ഷയ്ക്കായി കേന്ദ്ര കഥാപാത്രമായ സള്ളി കാടും മലയും ഉപേക്ഷിച്ച് തീരദേശത്തേക്ക് കുടിയേറുന്നു. ഇവിടെ അതിജീവനത്തിനായി ശ്രമിക്കുന്ന ഇവരുടെ മാനസിക സംഘർഷങ്ങളും വെല്ലുവിളികളും ഏറ്റുമുട്ടലുകളുമാണ് അവതാർ മുന്നോട്ടുകൊണ്ടുപോകുന്നത്.