പാലക്കാട് ധോണിക്കടുത്ത് അകത്തേത്തറ മേഖലയിൽ മൂന്ന് കാട്ടാനകൾ ജനവാസമേഖലയിൽ ഇറങ്ങിയത് പ്രദേശവാസികൾക്ക് ഭീഷണിയാവുകയാണ്. ജനവാസ മേഖലയിലൂടെയാണ് മൂന്ന് ആനകൾ സ്ഥിരമായി വന്നുപോവുന്നത്. കഴിഞ്ഞ ദിവസം ചെറാട് ഇല്ലത്ത് മതില് തകർത്ത് കയറിയ ആനകൾ, വീട്ടുവളപ്പിൽ തങ്ങിയത് നാല് മണിക്കൂറിലേറെ നേരമാണ്. വാഴയും കടച്ചക്കയും തെങ്ങും പൂർണമായി നശിപ്പിച്ചാണ് ആനകൾ മടങ്ങിയത്. അടുത്ത ദിവസങ്ങളിലും ആനക്കൂട്ടം എത്തുമെന്ന ഭീതി നാട്ടുകാർക്കുണ്ട്.
എന്നാൽ കുറച്ചുദിവസമായി ധോണിയിൽ ഇറങ്ങിയ കൊമ്പൻ ഏഴാമനെ പിടിക്കാനുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ് അധികൃതർ. ദൗത്യസംഘം വയനാട്ടിൽ നിന്ന് ധോണി ക്യാമ്പിൽ എത്തി. മൂന്നാമത്തെ കുംകിയാനയും എത്തിയിട്ടുണ്ട്. ശനിയാഴ്ചക്കകം ആനയെ പിടികൂടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ദൗത്യത്തിനായി കൂടുതൽ വനം വകുപ്പ് ജീവനക്കാരെ നിയോഗിക്കുന്നതിനും മയക്കുവെടി എപ്പോൾ വയ്ക്കണം, എവിടെ വച്ചുവേണം എന്നിവഎല്ലാം തീരുമാനിക്കുന്നതിന് ഇന്ന് യോഗം ചേരും. രണ്ട് ദിവസത്തിനകം മയക്കുവെടി വയ്ക്കാനാണ് നിലവിലെ നീക്കം.