തിരുവനന്തപുരം: കേരളത്തെ സേഫ് ഫുഡ് ഡെസ്റ്റിനേഷൻ ആക്കാൻ കേരള സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഹോട്ടൽ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഫെബ്രുവരി ഒന്നുമുതലാണ് ഇത് നടപ്പിലാക്കുക.
ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണം. ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാർ ഉള്ള സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല. ഹോട്ടൽ ജീവനക്കാർ, അതിഥി തൊഴിലാളികൾ തുടങ്ങിയവർ താമസിക്കുന്ന സ്ഥലത്തെ പരിസരവും ശുചിത്വവും സാഹചര്യവും പരിശോധിക്കും. ഹെൽത്ത് കാർഡിന് വേണ്ടി പൂർണമായ പരിശോധനയില്ലാതെ വ്യാജ സർട്ടിഫിക്കറ്റുകൾ ഡോക്ടർമാർ നൽകുന്നത് കണ്ടെത്തിയാൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതുപോലെതന്നെ സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ അടക്കം മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.