യുക്രെയ്ൻ നഗരങ്ങളിൽ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ. റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ യുക്രെയിനിലെ കിഴക്കൻ നഗരമായ ഡിനിപ്രോയിൽ 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. നഗരത്തിലെ ഒരു കെട്ടിടത്തിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിലാണ് 12 പേർ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റ 73 പേരിൽ 14 പേർ കുട്ടികളാണ്. രാജ്യത്തെ വൈദ്യുത വിതരണമേഖലയെയും അടിസ്ഥാനമേഖലകളെയും ലക്ഷ്യമാക്കിയുള്ള റഷ്യയുടെ ആക്രമണം രാജ്യത്തിന് വൻനാശമുണ്ടാക്കി കൊണ്ടിരിക്കുകയാണ്. അതേസമയം പാശ്ചാത്യ രാജ്യങ്ങൾ അടക്കമുള്ളവ സഹായിച്ചാൽ മാത്രമേ റഷ്യയോട് ചെറുത്തുനിൽക്കാൻ സാധിക്കുകയുള്ളൂ എന്ന് യുക്രെയിൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞിരുന്നു.
സൊളീദാർ നഗരം പിടിച്ചെടുത്തെന്നാണ് റഷ്യൻ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ ഇത് യുക്രെയ്ൻ നിഷേധിച്ചിട്ടുണ്ട്. സൊളീദാർ പിടിച്ചെടുക്കാനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത പോരാട്ടമാണ് നടക്കുന്നത്. ഇതിനിടെയാണ് ആക്രമണങ്ങൾ റഷ്യ കടുപ്പിച്ചത്.
യുക്രെയിൻ പ്രസിഡന്റിന്റെ അഭ്യർത്ഥന മാനിച്ച് ചാലഞ്ചർ ടു യുദ്ധടാങ്കറുകൾ യുക്രെയിന് നൽകാൻ ബ്രിട്ടൻ തീരുമാനിച്ചു. എന്നാൽ പുറത്തുനിന്നും സഹായങ്ങൾ എത്തിയാൽ ആക്രമണം കടുപ്പിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. യുക്രെയ്ൻ തലസ്ഥാനമായ കീവിലും കിഴക്കൻ നഗരമായ ഖർകീവിലും ശനിയാഴ്ച പുലർച്ചെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായി. ഖാർകീവ്, ബഖ്മുത് നഗരങ്ങൾ പിടിച്ചെടുക്കാനായി മിസൈൽ ആക്രമണം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ വൈദ്യുതി, വെള്ളം എന്നിവയുടെ വിതരണത്തിൽ പ്രതിസന്ധിയുണ്ടാകുമെന്ന് യുക്രെയ്‌നിലെ ഊർജ്ജ മന്ത്രി പറഞ്ഞു. പുതുവർഷ ആഘോഷത്തോടനുബന്ധിച്ച് റഷ്യ യുക്രെയിനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ആഘോഷങ്ങൾ അവസാനിച്ചതോടെ റഷ്യ വീണ്ടും ആക്രമണം ശക്തമാക്കിയിട്ടുണ്ട്.