ഐഎസ്ആർഒയിലെ പ്രമുഖ ശാസ്ത്രജ്ഞർക്കെതിരെ കള്ളക്കേസ് ചുമത്താനുള്ള ഗൂഢാലോചനയായിരുന്നു ചാരക്കേസ് എന്ന് സിബിഐ. സുപ്രീം കോടതിയിലാണ് സിബിഐ വാദം ഉന്നയിച്ചത്. ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബി മാത്യൂസ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യഹർജിയെ എതിർത്തുകൊണ്ടായിരുന്നു സിബിഐ നിലപാട്. ഗൂഢാലോചന നടത്തിയതിൽ വിദേശ ശക്തികൾക്ക് പങ്കുണ്ടെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും സിബിഐ വ്യക്തമാക്കി. ഗൂഢാലോചനയിൽ തെളിവ് ലഭിച്ചോയെന്ന് സുപ്രീം കോടതി ചോദിച്ചു. അന്വേഷണം തുടരുകയാണ്, പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം എന്നും സിബിഐ ഈ ചോദ്യത്തിന് മറുപടി നൽകി.
ഗൂഢാലോചനയിൽ വിദേശ ശക്തികൾ ഇടപെട്ടെന്ന ആരോപണത്തിന് തെളിവുകൾ ഇല്ലെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകൻ വാദിച്ചു. നമ്പി നാരായണൻ അടക്കമുള്ളവരുടെ അറസ്റ്റ് കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിരുന്നു. ജസ്റ്റിസ് കെ. ബാബുവാണു ഹർജി പരിഗണിക്കുന്നത്. മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത്, മുൻ ഡിജിപി സിബി മാത്യൂസ്, ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, മുൻ ഇന്റലിജൻസ് ഓഫിസർ പി.എസ്. ജയപ്രകാശ്, മുൻ ഐബി ഉദ്യോഗസ്ഥൻ വി.കെ. മെയ്നി എന്നിവരുടെ മുൻകൂർ ജാമ്യഹർജികളാണു ഹൈക്കോടതിയിലുള്ളത്.