ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ മണ്ണിടിച്ചില്‍ തുടരുന്നതിനിടെ ജോഷിമഠ് ഇല്ലാതായേക്കും എന്നും നഗരം നേരിടുന്നത് വലിയ ഭീഷണിയാണെന്നും ഐഎസ്ആർ ഒ യുടെ റിപ്പോർട്ട്. ഐഎസ്ആർഒയുടെ റിമോട്ട് സെൻസിംഗ് സെന്റർ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളോടൊപ്പം ആണ് ഐഎസ്ആർഒ ഇക്കാര്യം വ്യക്തമാക്കിയത്. കാർട്ടോ സാറ്റ്2എസ് ആണ് ജോഷിമഠിലെ ചിത്രങ്ങൾ എടുത്തത്. ഐഎസ്ആർഒ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ജോഷിമഠ് നേരിടുന്നത് വലിയ ഭീഷണിയാണ്. നഗരമധ്യത്തിലെ വലിയൊരു ഭാഗം തന്നെ ഇടിഞ്ഞു താണേക്കാം. നരസിംഹ് ക്ഷേത്രം ഉൾപ്പെടുന്ന നഗര മാധ്യമാണ് കൂടുതൽ ഭീഷണി നേരിടുന്നത്.
അതിനിടെ 25-ലേറെ സൈനിക കെട്ടിടങ്ങളിലും വിള്ളല്‍ കണ്ടെത്തി. കെട്ടിടങ്ങളില്‍നിന്ന് സൈനികരെ മാറ്റിയെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ചൈന അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള സൈനികരെയാണ് മാറ്റിയതെന്ന് സൈനിക മേധാവി മനോജ് പാണ്ഡേ പറഞ്ഞു. ചൈനയുമായി 3488 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ജോഷിമഠിലെ ദുരന്തബാധിതമേഖല. 20,000 ല്‍ ഏറെ സൈനിക ട്രൂപ്പുകളും, സൈനിക ഉപകരണങളും മിസൈല്‍ സംവിധാനങ്ങളും ഈ മേഖലയിലുണ്ട്.
ജോഷിമഠ് – ഔലി റോഡിന് സമീപം 2180 മീറ്റർ ഉയരത്തിലാണ് ഭൂമി ഇടിഞ്ഞു താഴൽ പ്രതിഭാസത്തിന്റെ പ്രഭവ കേന്ദ്രം. 2022 ഡിസംബർ 7 മുതൽ 2023 ജനുവരി 8 വരെയുള്ള 12 ദിവസത്തിനുള്ളിൽ ഈ പ്രദേശത്ത് 5.4 സെന്റീമീറ്റർ ഭൂമി താഴ്ന്നു പോയതായാണ് റിപ്പോർട്ടിൽ ഉള്ളത്. ജോഷിമഠിലെ മണ്ണിടിച്ചിൽ സാധ്യതയെ കണക്കിലെടുത്ത് പ്രദേശത്തു നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. തുടർന്ന് പ്രദേശം ദുരിതബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജോഷിമഠ് നഗരത്തിലെ അപകടഭീഷണിയുള്ള വീടുകളില്‍ നിന്നും നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. 700 ലേറെ കെട്ടിടങ്ങള്‍ അപകടസ്ഥിതിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.