പത്തനംതിട്ട: ശബരിമലയിലെ അരവണപ്രസാദത്തിൽ ഉപയോഗിക്കുന്ന ഏലക്കയിൽ 14 ഇനം കീടനാശിനികൾ അമിത അളവിൽ ഉപയോഗിച്ചതായി കണ്ടെത്തി. അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ലെന്നാണ് കേന്ദ്ര ഏജൻസി റിപ്പോർട്ട്. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ കൊച്ചിയിലെ ലാബിലാണ് പരിശോധന നടത്തിയത്. ഗുരുതരആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 തരം കീടനാശിനികളുടെ സാന്നിധ്യമാണ് ഏലക്കയിൽ കണ്ടെത്തിയത്. പരിശോധന റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി.ഏലക്കയിലെ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതലായതിനാൽ ഏലക്ക ഭക്ഷ്യയോഗ്യമല്ല എന്നും ഏലക്ക ഉപയോഗിക്കുന്നതിലൂടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര അതോറിറ്റി കോടതി നിർദ്ദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ പമ്പയിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. ദേവസ്വം ബോർഡിന്റേതായിരുന്നു നേരത്തെ നടത്തിയ പരിശോധന.
ഏലക്കയുടെ ഗുണനിലവാരം സർക്കാർ അനലറ്റിക്കൽ ലാബിൽ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് ശബരിമലയിൽ ഏലക്ക വിതരണം ചെയ്തിരുന്ന അയ്യപ്പ സ്പൈസസ് കമ്പനി ഉടമ എസ് പ്രകാശ് നേരത്തെ കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഏലക്കയിൽ കീടനാശിനിയുടെ സാന്നിധ്യം ഉണ്ട് എന്ന് തിരുവനന്തപുരം അനലിറ്റിക് ലാബ് റിപ്പോർട്ട് നൽകിയിരുന്നു. ദേവസ്വം ബോർഡ് ഈ റിപ്പോർട്ടിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് കൊച്ചിയിലെ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ലാബിൽ പരിശോധിക്കൻ ഹൈക്കോടതി വീണ്ടും നിർദ്ദേശം നൽകിയത്. ജസ്റ്റിസ്മാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഏലക്ക പരിശോധിക്കാൻ നിർദ്ദേശം നൽകിയത്.