കൊല്ലം: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തിയ മായംചേർന്ന 15,300ലിറ്റർ പാൽ പിടികൂടി. ഇന്ന് പുലർച്ചെ കൊല്ലം ആര്യങ്കാവ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ആണ് പാൽ പിടികൂടിയത്.
ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നടത്തിയ റാപ്പിഡ് പരിശോധനയിൽ പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയതായി കണ്ടെത്തി. തെങ്കാശിയിൽ നിന്നും പാൽ പത്തനംതിട്ടയിലെ പന്തളത്തേക്ക് കൊണ്ട് പോവുകയായിരുന്നു. പിടിച്ചെടുത്ത ലോറി ആര്യങ്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. പാലിന്റെ സാമ്പിൾ ഭക്ഷ്യവിഭാഗം തിരുവനന്തപുരം അനലറ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നാൽ മാത്രമേ പാലിലെ ഹൈഡ്രജൻ പെറോക്സൈഡിന്റെ അളവ് കൃത്യമായി അറിയാൻ സാധിക്കുകയുള്ളൂ. ലാബിനോട് അടിയന്തരമായി റിപ്പോർട്ട് തയ്യാറാക്കാൻ ഭക്ഷ്യവിഭാഗം ഓഫീസർ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് വന്നശേഷം കേസ് രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.