ദില്ലി: 14 വർഷങ്ങൾക്ക് ശേഷം ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഇന്ത്യയിൽ എത്തി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് അവാർഡ് ലഭിച്ചത്. ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. എ ആർ റഹ്മാൻ പുരസ്കാരം നേടി 14 വർഷത്തിനുശേഷമാണ് ഇന്ത്യയിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം എത്തുന്നത്. ചിത്രത്തിന്റെ സംഗീതസംവിധായകൻ എം എം കീരവാണി പുരസ്കാരം ഏറ്റുവാങ്ങി.
കടുത്ത മത്സരങ്ങൾക്കൊടുവിലാണ് ദക്ഷിണേന്ത്യൻ ചിത്രമായ ആർ ആർ ആർ പുരസ്കാരത്തിന് അർഹമായത്. കരോലിന, സിയാവോ പാപ്പ, ഹോൾഡ് മൈ ഹാൻഡ്, ലിഫ്റ്റ് മി അപ്പ് എന്നിവയാണ് മികച്ച ഒറിജിനൽ സോങ്ങിനുള്ള നോമിനേഷൻ ലഭിച്ച മറ്റ് ഗാനങ്ങൾ.
ആർ ആർ ആർ നെ ഗോൾഡൻ ഗ്ലോബ്സിൽ പ്രതിനിധീകരിച്ച് എസ് എസ് രാജമൗലി, ജൂനിയർ എൻടിആർ, രാംചരൻ, ഭാര്യ ഉപാസന കാമിനേനി തുടങ്ങിയവരും എത്തിയിരുന്നു. 1920 കളിലെ ബ്രിട്ടീഷ് അധിനിവേശ ഇന്ത്യ പശ്ചാത്തലമാക്കി നിർമ്മിച്ച സിനിമയാണ് ആർ ആർആർ. എൻ ടി ആറും രാംചരനും സ്വാതന്ത്ര്യസമര സേനാനികളായാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ആഗോളതലത്തിൽ 1200 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണ് ആർ ആർ ആർ. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിൽ മികച്ച സംവിധായകനുള്ള അവാർഡ് ഉൾപ്പെടെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ ആർ ആർ ആറിന് ലഭിച്ചിട്ടുണ്ട്.