തിരുവനന്തപുരം: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഷാരോൺ വധക്കേസിന്റെ വിചാരണ കേരളത്തിൽ തന്നെ നടക്കും. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. കേരളത്തിൽ നെയ്യാറ്റിൻകര കോടതിയിലാണ് വിചാരണ നടത്താൻ തീരുമാനമായത്. ഇത് പ്രകാരം കേസിന്റെ കുറ്റപത്രം കേരളപോലീസ് തന്നെയായിരിക്കും തയ്യാറാക്കുക. കേസിൽ ഒന്നാംപ്രതി ഗ്രീഷ്മയും, രണ്ടാംപ്രതി ഗ്രീഷ്മയുടെ അമ്മ ബിന്ദുവും, മൂന്നാംപ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാറുമാണ്.
പാറശാല മുര്യങ്കരയിലെ ഷാരോൺ രാജിനെ കഷായത്തിൽ കീടനാശിനി കൊടുത്തു കൊലപ്പെടുത്തി എന്നതാണ് കേസ്. 10 മാസംനീണ്ട പദ്ധതിക്ക് ശേഷമാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര കോടതിയിൽ ഈ മാസം 25നു മുമ്പ് തന്നെ കുറ്റപത്രം നൽകുമെന്നും കേരളപോലീസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഷായത്തിൽ കീടനാശിനി കലർത്തി ഗ്രീഷ്മ ഷാരോണിന് നൽകുകയായിരുന്നു. പിന്നാലെയുണ്ടായ കടുത്ത ചർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാരോൺ ആന്തരിക അവയവങ്ങൾ ദ്രവിച്ച് 25ന് മരണമടഞ്ഞു. തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഷാരോണിനെ കഷായത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയതായി ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. നാഗർകോവിലിലെ സൈനികനുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചിട്ടും പ്രണയബന്ധത്തിൽ നിന്നും ഷാരോൺ പിന്മാറാൻ തയാറാകാതിരുന്നതാണ് ഷാരോണിനെ വധിക്കാൻ ഗ്രീഷ്മയെ പ്രേരിപ്പിച്ചത്. നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ ശുചിമുറിയിൽ വച്ച് മാങ്ങാ ജ്യൂസിൽ ഗുളിക പൊടിച്ചത് കലർത്തി കൊടുത്ത് ആദ്യത്തെ വധശ്രമം ഗ്രീഷ്മ നടത്തി. അന്നത് ഷാരോൺ തുപ്പിക്കളഞ്ഞു. പിന്നീട് രണ്ടാമതായി കുഴുത്തുറ പഴയപാലത്തിൽ വച്ച് ഗുളിക കലർത്തിയ മാങ്ങാ ജ്യൂസ് നൽകിയിരുന്നു. അന്നും ഷാരോൺ രക്ഷപ്പെട്ടു. രണ്ട് ശ്രമങ്ങളും പാളിയതോടെയാണ് മൂന്നാമതായി വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്തത്.
കേസിൽ ശബ്ദ പരിശോധന റിപ്പോർട്ട് അടക്കം ശാസ്ത്രീയമായി തെളിയിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ഈ മാസം 25ന് മുമ്പ് തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നും പോലീസ് പറഞ്ഞു