ന്യൂഡൽഹി: ഹൈക്കോടതികളിലെ ഉൾപ്പെടെ ജഡ്ജി നിയമനത്തിനായുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ 44 ശുപാർശകളിൽ ഇന്ന് തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. കൊളീജിയം നൽകിയ 104 ശുപാർശകളിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിൽ 44 എണ്ണത്തിലാണ് ഇന്ന് തീരുമാനമെടുക്കുക. മറ്റ് ശുപാർശകളിൽ ഉടനടി തീരുമാനം എടുക്കണമെന്നും കോടതി കേന്ദ്രസർക്കാരിന് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകി. തീരുമാനം വൈകുന്നതിൽ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി ആവർത്തിച്ച് അതൃപ്തി അറിയിക്കുന്നുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച കൊളീജിയം ശുപാർശകളിൽ കേന്ദ്രസർക്കാറിന്റെ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടൽ ആണെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.