ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 പേര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തി. കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ്, നേതാക്കളായ പീര്‍സാദാ മുഹമ്മദ് സയ്യിദ്, ബല്‍വാന്‍ സിങ് തുടങ്ങിയവരാണ് തിരികെ വന്നത്. ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. കൂടുതൽ ആളുകളെ ഭാരത് ജോഡോ യാത്ര കോൺഗ്രസിലേക്ക് അടുപ്പിക്കുന്നുണ്ട്. പോയവർ ഇനിയും തിരികെ വരും, സമാന മനസ്കരായ പാർട്ടികളും പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസിനൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര ഉയർത്തുന്ന സന്ദേശത്തോട് യോജിപ്പുണ്ടെങ്കിൽ ഗുലാം നബി ആസാദിന് പങ്കെടുക്കാമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. തെറ്റുകൾ ആർക്കും സംഭവിക്കാം. അത് തിരുത്തി തിരികെ വന്നു, പാർട്ടിയോടും ജനങ്ങളോടും മാപ്പെന്ന് മുൻ കശ്മീര്‍ പിസിസി അധ്യക്ഷൻ പീർ സാദാ മുഹമ്മദ് സയ്യിദ് പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോൺഗ്രസ് വിട്ടതെന്ന് കശ്മീര്‍ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു.