ഡിസംബർ 30ന് നടന്ന വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ മുംബൈയിലേക്കു മാറ്റും. ആവശ്യമെങ്കിൽ ഋഷഭ് പന്തിനെ ചികിത്സയ്ക്കായി യുകെയിലേക്ക് അയക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്. ഡെറാഡൂണിൽനിന്ന്പന്തിനെ മുംബൈയിലേക്കുമാറ്റുന്നത് ലിഗമെന്റ് ഇൻജറിയുള്ള വിദഗ്ധ ചികിത്സയ്ക്കായാണെന്നും മുംബൈയിലേക്ക് എയർ ലിഫ്റ്റ് ചെയ്യുമെന്നും ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടർ ശ്യാം ശർമ അറിയിച്ചു.
ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ മേൽനോട്ടത്തിലാണ് ഋഷഭ് പന്തിന്റെ ചികിത്സ നടക്കുന്നത്. ഋഷഭ് പന്തിന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അമ്മയെ കാണുന്നതിനായി വീട്ടിലേക്കു പോകുംവഴിറൂർക്കിക്കു സമീപത്താണു പന്തിന്റെ വാഹനം അപകടത്തിൽപെട്ടത്. ഉറങ്ങിപോയതാണ് അപകടത്തിന് കാരണം എന്ന് പന്ത് പോലീസിനോട് പറഞ്ഞിരുന്നു. ഡിവൈഡറിലേക്ക് ഇടിച്ചു കയറിയ വാഹനം കത്തിനശിക്കുകയായിരുന്നു. വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് ഋഷഭ് പന്ത് പുറത്തെത്തിയത്. അതേസമയം ഋഷഭ് പന്തിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച എല്ലാവരെയും ആദരിക്കുമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പ്രതികരിച്ചു.