പഞ്ചാബ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ അതിര്‍ത്തി സുരക്ഷാ സേന വെടിവച്ചു കൊന്നു. പഞ്ചാബിലെ ഗുരുദാസ്പൂര്‍ സെക്ടറിലെ ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയിൽ രാവിലെ എട്ട് മണിയോടെയാണ് സംഭവം. പാകിസ്ഥാന്‍ ഭാഗത്ത് നിന്നും ആയുധധാരിയായ ഒരാള്‍ ബിഎസ്എഫ് വേലിയ്ക്ക് സമീപം നില്‍ക്കുന്നതായി ബിഎസ്എഫ് സംഘം നിരീക്ഷിച്ചു. തുടര്‍ന്ന് സേന ഇയാളെ വെടിവെയ്ക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോളും തിരച്ചില്‍ നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു
അതിനിടെ പാകിസ്ഥാന്‍ ഭീകരര്‍ ജമ്മു കശ്മീരിലെ രജൗരി സെക്ടറിലെ നിയന്ത്രണ രേഖവഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. പാകിസ്ഥാന്റെ നാല് ലോഞ്ചിംഗ് പാഡുകള്‍ ഉണ്ട്. കോട്ലി, ലാന്‍ജോട്ടെ, നികൈല്‍, ഖുയിരേട്ട എന്നിവിടങ്ങളിലെ ലോഞ്ചിംഗ് പാഡുകളിലൂടെ 25 മുതല്‍ 30 ഭീകരര്‍ വരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനാണ് പദ്ധതിയിടുന്നത്. ഈ സ്ഥലങ്ങളെല്ലാം രജൗരി സെക്ടറിന് മുന്നിലുള്ള പാക് അധീന കശ്മീരില്‍ ഉള്‍പ്പെടുന്നതാണ്. ഇവിടെ നിന്നാണ് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്കുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച്ച വൈകുന്നേരം രജൗരി ജില്ലയില്‍ തീവ്രവാദികള്‍ മൂന്ന് വീടുകളില്‍ അതിക്രമിച്ച് കയറി നാല് പേരെ കൊലപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നലെ ഇതേ വീടിന് സമീപമുണ്ടായ സ്ഫോടനത്തില്‍ രണ്ട് കുട്ടികള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.