ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ചിട്ടുള്ള സാമ്പത്തികാരോപണം പൊളിറ്റ് ബ്യുറോയിൽ ഇന്ന് ചർച്ച ചെയ്യുമെന്ന് സൂചന. വിഷയത്തിൽ കേന്ദ്രനേതൃത്വം ഇടപെടില്ലെന്നും കേന്ദ്രനേതാക്കൾ അറിയിച്ചു.
ചർച്ചയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദനോട് ചോദിക്കും. എന്നാൽ അന്വേഷണം ഉൾപ്പെടെയുള്ളകാര്യങ്ങളിൽ സംസ്ഥാനത്തിനു തീരുമാനമെടുക്കാം എന്നും കേന്ദ്രവക്താക്കൾ അറിയിച്ചു. ഇ പി യ്ക്കെതിരായ ആരോപണം കേന്ദ്രത്തലത്തിൽ ചർച്ചയാക്കാതിരിക്കാനാണ് സംസ്ഥാന നേതൃത്വം ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആരോപണത്തെക്കുറിച്ച് കേന്ദ്രനേതൃത്വം നേരത്തെ സിപിഎം നോട് വിശദാംശം ചോദിച്ചിരുന്നു. വേണ്ടി വന്നാൽ ഇടപെടൽ നടത്തുമെന്നും ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചിരുന്നു. യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ, സീതാറാം യെച്ചൂരിയെ കണ്ടിരുന്നു. പിണറായിയുടെ നിലപാട് യെച്ചൂരിയെ അറിയിച്ചെന്നാണ് സൂചന.
എന്നാൽ ഈ വിഷയത്തിൽ ആരോപണങ്ങൾ മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും പി ബി യിൽ ചർച്ച ചെയ്യേണ്ട വിഷയമല്ല എന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ ഡൽഹിയിൽ പറഞ്ഞത്. പിണറായി വിജയൻ യെച്ചൂരിയെയും പ്രകാശ് കാരാട്ടിനേയും കണ്ടതിന് ശേഷമാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇപ്രകാരം പ്രതികരിച്ചത്. പാർട്ടിക്കകത്ത് ഒതുങ്ങേണ്ട വിഷയം പൊതുഇടത്തിൽ ചർച്ചയായതിൽ പിണറായിക്ക് അതൃപ്തിയുണ്ട്. വിഷയത്തിൽ പരസ്യവിവാദം ചർച്ചയിലേക്ക് എത്തിക്കാതിരിക്കാനും സംസ്ഥാനനേതാക്കൾ ശ്രമിക്കുന്നുണ്ട്. ഇതിനോട് യെച്ചൂരി ഉൾപ്പെടെയുള്ള കേന്ദ്രനേതാക്കൾ എടുക്കുന്ന തീരുമാനം ഈ സാഹചര്യത്തിൽ നിർണായകമാകും.