കണ്ണൂർ : കെ. എസ്. ടി. എ പരിപാടിയോടാനുബന്ധിച്ചു പൊതുവേദിയിലെത്തിയ ഇ പി ജയരാജനോട് ആരോപണങ്ങളെകുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകർക്ക് കിട്ടിയ മറുപടി മൗനം മാത്രം. കാത്തുനിന്ന മാധ്യമ പ്രവർത്തകർ ഒന്നിന്പിന്നാലെ ഒന്നായി ചോദ്യങ്ങൾ ചോദിച്ചെങ്കിലും പുഞ്ചിരിച്ചു കൊണ്ട് പരിപാടിയിലേക്ക് പോകുകയായിരുന്നു ഇ പി. വേദിയിലും സംസ്ഥാനത്തിന്റെ വികസനത്തെപ്പറ്റിയാണ് ഇ പി സംസാരിച്ചത്. അരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിലും വിവാദത്തിന്റെ ഒരംശം പോലും കടന്നുവരാതിരിക്കാൻ ഇ പി ശ്രദ്ധിച്ചു. പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോഴും മാധ്യമങ്ങൾ മൈക്കില്ലാതെയും ഇ പി യോട് ചോദ്യങ്ങൾ ചോദിച്ചു. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് നിങ്ങൾക്ക് ഇഷ്ടമുള്ളത് എഴുതാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം തനിക്കെതിരെ നടത്തിയ സാമ്പത്തികആരോപണങ്ങളിൽ ജനങ്ങൾ കാര്യങ്ങളുടെ വാസ്തവം മനസിലാക്കട്ടെയെന്നു ഇ പി ജയരാജൻ പ്രതികരിച്ചതായുള്ള റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. മന്ത്രിയായിരിക്കവേ പല സംരംഭങ്ങൾക്കും താൻ നേതൃത്വം നൽകിയിട്ടുണ്ട്, സമാനമായാണ് ആയുർവേദ കേന്ദ്രത്തിനും താൻ മുൻകൈ എടുത്തതെന്നും ഇ പി പറഞ്ഞതായാണ് റിപ്പോർട്ട്.