യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷം വൈവിധ്യമാർന്ന ചടങ്ങുകളോടെ ഗ്ലോബൽ വില്ലേജിലും ആഘോഷിക്കുകയാണ്. പരമ്പരാഗത കലാ സാംസ്കാരിക പരിപാടികളുമായാണ് ഡിസംബർ 1 മുതല്‍ 4 വരെ വൈവിധ്യമാർന്ന ആഘോഷപരിപാടികള്‍ നടക്കുന്നത്. മാസം 4ന് നടക്കുന്ന ക്ലാസിക് അറബിക് സംഗീത പരിപാടിയാണ് ഇതിലേറ്റവും ശ്രദ്ധേയമായത്. നേഷൻ ഓഫ് സൺ ആൻഡ് മൂൺ എന്ന പരിപാടി ദേശീയഗാനത്തോടെ ആരംഭിച്ച് 4 മണിക്കൂർ നീണ്ടുനിൽക്കും.
27 പവലിയനുകൾ പങ്കെടുക്കുന്ന പ്രത്യേക പരിപാടികൾ പ്രധാന സ്റ്റേജിൽ നടക്കും. ഗ്ലോബല്‍ വില്ലേജ് കെട്ടിടങ്ങൾ എല്ലാ ദേശീയപതാകയുടെ നിറങ്ങൾ അണിയും. രാത്രി 9 മണിക്ക് ദേശീയ പതാകയുടെ നിറങ്ങളാൽ വർണാഭമായ വെടിക്കെട്ടുകള്‍, സംഗീത പരിപാടികൾ തുടങ്ങിയവയുണ്ടാകും. യുഎഇയുടെ പൈതൃകവും തനത് സംസ്കാരവും വെളിപ്പെടുത്തുന്ന പരമ്പരാഗത ഗാനങ്ങളും ഉണ്ടാവും. സന്ദർശകർക്ക് ഒത്തുചേരാനുളള ഇടമായി ഗ്ലോബല്‍ വില്ലേജ് മാറുന്നതിൽ സന്തോഷമുണ്ടെന്ന് ഗ്ലോബൽ വില്ലേജിലെ ഗസ്റ്റ് റിലേഷൻസ് സീനിയർ മാനേജർ മുഹന്നദ് ഇസ്ഹാഖ് പറഞ്ഞു. ഒക്ടോബര് 25 ന് ആരംഭിച്ച ദുബായ് ഗ്ലോബൽ വില്ലേജിലേക്ക് ആയിരക്കണക്കിന് സന്ദർശകരാണ് ദിനംപ്രതി എത്തുന്നത്. വിവിധ രീതിയിലുള്ള ആഘോഷപരിപാടികളും സാംസ്‌കാരിക പരിപാടികളും ദിവസവും ഗ്ലോബൽ വില്ലേജിൽ അരങ്ങേറുന്നുണ്ട്