സിപിഎം പൊളിറ്റ് ബ്യുറോ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി. രാവിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച വരെ മുഖ്യമന്ത്രി ഡൽഹിയിലുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കാണാനും മുഖ്യമന്ത്രി സമയം ചോദിച്ചിട്ടുണ്ട്. ദ്രൗപദി മുർമു രാഷ്ട്രപതിയായശേഷം മുഖ്യമന്ത്രിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാവുമിത്
ബഫര്‍ സോണ്‍, കെ- റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. സംസ്ഥാനത്തെ കെ- റെയിൽ പദ്ധതിയെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ കൂടിക്കാഴ്ചയിൽ നടത്തും. കേന്ദ്രത്തിന്റെ കൂടുതൽ സഹായമടക്കമുള്ള ആവശ്യങ്ങൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും എന്നാണ് വിവരം
അതേസമയം ഡൽഹിയിലെത്തിയ മുഖ്യമന്ത്രിയോട് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനെതിരായ സാമ്പത്തിയ ആരോപണങ്ങളെപറ്റി ചോദിച്ച മാധ്യമങ്ങളോട് ‘തണുപ്പ് എങ്ങനെയുണ്ട് ‘ എന്ന മറുചോദ്യമാണ് മുഖ്യമന്ത്രി ചോദിച്ചത്. മാധ്യമങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ മാധ്യമങ്ങളെ കാണുമെന്നും മന്ത്രി പറഞ്ഞു.