ദുബൈയിലെ ഏറെ ആകർഷണീയമായ ഗ്ലോബൽ വില്ലേജ് നാളെ തുറക്കും. വിനോദത്തിന്റെയും വാണിജ്യത്തിന്റെയും മറ്റൊരുമുഖമായ ആഗോളഗ്രാമത്തിന്റെ 27ാം പതിപ്പിനാണ് നാളെ കൊടികയറുന്നത്. പുതിയ ആകർഷണങ്ങളും വിനോദങ്ങളും ഉൾപ്പെടുത്തിയാണ് ഇത്തവണ ആഗോള ഗ്രാമം സന്ദർശകർക്കായി തുറക്കുന്നത്. നാളെ മുതൽ 2023ഏപ്രിൽ വരെയാണ് പുതിയ സീസൺ പ്രവർത്തിക്കുക.
വിവിധ വിനോദങ്ങൾക്ക് പുറമെ 3,500ലധികം ഷോപ്പിങ് ഔട്ട്‌ലെറ്റുകളും 250-ലധികം റെസ്റ്റോറന്‍റുകളും കഫേകളും സ്ട്രീറ്റ് ഫുഡ് കടകളും ഇക്കുറി ആഗോളഗ്രാമത്തിൽ സന്ദർശകരെ സ്വീകരിക്കും. സന്ദർശകർക്ക് ഓൺലൈനായും കൗണ്ടറുകളിലും ടിക്കറ്റ് വാങ്ങാം. ഓൺലൈനിൽ വാങ്ങുമ്പോൾ 10 ശതമാനം കുറഞ്ഞ വിലയിൽ ടിക്കറ്റ് ലഭിക്കും. ഞായർ മുതൽ വ്യാഴം വരെ (പൊതുഅവധി ദിവസങ്ങൾ ഒഴികെ) ഉപയോഗിക്കാവുന്ന പുതിയ ടിക്കറ്റ് ഈ സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞായർ മുതൽ വ്യാഴം വരെ പ്രവേശനം അനുവദിക്കുന്ന ടിക്കറ്റിന്(വാല്യൂ ടിക്കറ്റ്) 20ദിർഹവും ഏത് ദിവസവും പ്രവേശിക്കാവുന്ന ടിക്കറ്റിന്(എനി ഡേ ടിക്കറ്റ്) 25ദിർഹമുമാണ് നിരക്ക്. ഗ്ലോബൽ വില്ലേജിന്‍റെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്നവർക്ക് രണ്ട് ടിക്കറ്റുകൾക്ക് 10ശതമാനം കുറവ് ലഭിക്കും.
എല്ലാദിവസവും വൈകുന്നേരം നാലു മുതൽ അർധരാത്രിവരെയാണ് ആഗോളനഗരിലേക്ക് പ്രവേശനം അനുവദിക്കുക. വാരാന്ത്യങ്ങളിൽ പുലർച്ചെ ഒരു മണി വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും. നഗരി സന്ദർശകർക്കായി ദുബായ് ആർ.ടി.എ നാല് റൂട്ടുകളിൽ ബസ് സർവീസ് ചൊവ്വാഴ്ച മുതൽ പുനഃരാരംഭിക്കും. വിവിധ സ്റ്റേഷനുകളിൽ നിന്ന് ഒരു മണിക്കൂർ ഇടവേളയിൽ ഗ്ലോബൽ വില്ലേജിലേക്ക് ബസ് സർവീസുകൾ നടത്തുന്നുണ്ട്.