ആവേശം നിറഞ്ഞ അവിശ്വസനീയമായ മത്സരത്തിൽ ലോകകപ്പിൽ മുത്തമിട്ട് അർജന്റീന. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തി. കലാശപ്പോരില്‍ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാന്‍ ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയ്ക്കായില്ല.
ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം തൊട്ടത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്.
ലോകകപ്പിൽ അർജന്റീനയുടെ മൂന്നാം കിരീടനേട്ടമാണിത്. ഇതിനു മുൻപുള്ള കിരീടങ്ങൾ 1978ൽ സ്വന്തം നാട്ടിലും 1986ൽ മെക്സിക്കോയിലും ആയിരുന്നു കഴിഞ്ഞ വർഷം കോപ്പ അമേരിക്ക ട്രോഫി നേടി 28 വർഷത്തെ കിരീടമില്ലായ്മ അവസാനിപ്പിച്ച അർജന്റീന, ഒരു വർഷത്തിനിപ്പുറം ലോകകപ്പ് വേദിയിലെ 36 വർഷം നീണ്ട കിരീടവരൾച്ചയ്ക്കും രാജകീയമായി വിരാമമിട്ടു. ഖത്തറിലെ കിരീടവിജയത്തോടെ അർജന്റീനയ്ക്ക് സമ്മാനത്തുകയായി 347 കോടി രൂപ ലഭിക്കും. നാലു വർഷം മുൻപ് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ കയ്യിലെടുത്ത ട്രോഫി അർജന്റീനയ്ക്ക് കൈമാറി രണ്ടാം സ്ഥാനത്തേക്ക് മാറുന്ന ഫ്രാൻസിന് 248 കോടി രൂപയും ലഭിക്കും. കാൽ നൂറ്റാണ്ടിനിടെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഫ്രാൻസ് ഖത്തറിലെത്തിയത്. 2018നു മുൻപ് 1998ൽ സ്വന്തം നാട്ടിൽ നടന്ന ചാംപ്യൻഷിപ്പിലും അവർ ജേതാക്കളായിരുന്നു.