അതിർത്തിയിൽ പട്ടാളക്കാർതമ്മിൽ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ വീണ്ടും പ്രകോപനനീക്കവുമായി ചൈന. ഇന്ത്യ-ചൈന അതിർത്തിയിൽനിന്ന് 155 കിലോമീറ്റർ വടക്കുഭാഗത്തെ അരുണാചൽ പ്രദേശിനടുത്തുള്ള യുദ്ധവിമാനങ്ങളെയും പൈലറ്റില്ലാവിമാനങ്ങളെയും പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്‌സിന്റെ വ്യോമതാവളത്തിൽ കൂടുതർ സജ്ജീകരണങ്ങൾ ഒരുക്കിയതായാണ് റിപ്പോർട്ടുകൾ.
കിഴക്കൻമേഖലയിൽ ഡിസംബർ 15, 16 തീയതികളിൽ വ്യോമാഭ്യാസം നടത്തുമെന്ന് ഇന്ത്യൻ വ്യോമസേന പറഞ്ഞതിനുപിന്നാലെയാണ് ചൈനീസ് വിമാനത്താവളവും തയ്യാറെടുപ്പുകൾ നടത്തുന്നത്. ഇന്ത്യയുടെ വ്യോമാഭ്യാസത്തിൽ യുദ്ധവിമാനങ്ങൾ, യാത്രാവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ,പൈലറ്റില്ലാ ചെറുവിമാനങ്ങൾ എന്നിവ പങ്കെടുക്കും. അതിർത്തിയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ഇതിന് ബന്ധമില്ലെന്ന് വ്യോമസേന വ്യക്തമാക്കി. നേരത്തേ ആസൂത്രണംചെയ്തതും സ്ഥിരമായി നടക്കാറുള്ളതുമായ വ്യോമാഭ്യാസമാണിത്.
കഴിഞ്ഞ ഒമ്പതിന് കിഴക്കൻ തവാങ്ങിലെ യാങ്‌സേയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ഏറ്റുമുട്ടിയതായി തിങ്കളാഴ്ച സൈന്യം വ്യക്തമാക്കിയിരുന്നു. ചൈനീസ് പട്ടാളം കടന്നുകയറാൻ ശ്രമിച്ചപ്പോൾ ഇന്ത്യയുടെ മൂന്ന് സൈനിക യൂണിറ്റുകളാണ് തടഞ്ഞത്. ജമ്മുകശ്മീർ റൈഫിൾസ്, ജാട്ട് റെജിമെന്റ്, സിഖ് ലൈറ്റ് ഇൻഫൻട്രി എന്നിവയാണ് ചൈനീസ് പട്ടാളനീക്കം പ്രതിരോധിച്ചത്. ചൈനീസ് പട്ടാളം എല്ലാവർഷവും ഈ മേഖലയിൽ പട്രോളിങ്ങിന് എത്താറുണ്ടെങ്കിലും ഇന്ത്യൻ സൈന്യം അത് തടയാറുണ്ട്. ഇന്ത്യൻ പട്ടാളത്തോട് ഏറ്റുമുട്ടാൻ മുൾവടികൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് ചൈനീസ് സൈനികർ എത്തിയത്. അവർ ഇന്ത്യൻ പട്ടാളക്കാർക്കുനേരെ കല്ലേറും നടത്തി. അതെ സമയം ഇന്ത്യൻ സൈനികർക്കാർക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് വ്യക്തമാക്കി