ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രതികരിച്ച് അമേരിക്ക. യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗൺ വൃത്തങ്ങൾ വ്യക്തമാക്കി. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകുന്നുവെന്ന് പെന്റഗൺ വാർത്തകാര്യ സെക്രട്ടറി പാറ്റ് റൈഡർ വ്യക്തമാക്കി. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന സൈനിക വിന്യാസം വർധിപ്പിക്കുകയും സൈനിക നിർമാണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്തോ പസഫിക് മേഖലയിലെ യുഎസ് സഖ്യ കക്ഷികൾക്കും പങ്കാളികൾക്കും എതിരായ ചൈനയുടെ പ്രകോപനം വർദ്ധിച്ചു വരികയാണെന്നും പാറ്റ് റൈഡർ വ്യക്തമാക്കി.
ഇതിനിടെ അരുണാചൽ മേഖലയിലും ദെപ്സാങിലും ചൈനീസ് സാന്നിധ്യം കൂടിയെന്നാണ് വിലയിരുത്തൽ. ഇതോടെ ചൈന അതിർത്തിയിൽ വ്യോമനിരീക്ഷണം കൂട്ടാൻ നിർദേശം നൽകിയിട്ടുണ്ട്. ചൈന കൂടുതൽ ഹെലികോപ്റ്ററുകൾ മേഖലയിൽ എത്തിച്ചതിനെ തുടർന്നാണ് നീരീക്ഷണം കൂട്ടാനുള്ള തീരുമാനം. അതേസമയം ഇന്ത്യ-ചൈന സംഘർഷത്തിൻറേതായി പ്രചരിക്കുന്ന വിഡിയോ ഇപ്പോഴത്തേത് അല്ലെന്ന് സേന വൃത്തങ്ങൾ വ്യക്തമാക്കി.
താവാങ്ങിൽ ഇന്ത്യൻ മേഖലയിലെയ്ക്ക് കടന്ന് കയറാനുള്ള ചൈനയുടെ ശ്രമം ധീരതയോടും സമചിത്തതയോടും ദേശ സ്നേഹത്തോടും ഇന്ത്യൻ സൈനികർ തടഞ്ഞു. ബലം പ്രയോഗിച്ചാണ് ചൈനിസ് നീക്കം പരാജയപ്പെടുത്തിയത്. ഇന്ത്യൻ സൈനികർക്ക് ആർക്കും ഗുരുതരമായ പരുക്ക് എറ്റിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു. മേഖലയിൽ ഇരുവിഭാഗങ്ങളുടെയും കമാൻഡർമാർ തമ്മിൽ നടന്ന ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തിരുമാനിച്ചതായും സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും പ്രതിരോധമന്ത്രി വിശദീകരിച്ചു.