36-ാ മത് സ്ഥാപകദിനത്തോടനുബന്ധിച്ച് ദുബായ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ “കൈൻഡ്നെസ്സ് ഈസ് എ ഹാബിറ്റ്” ക്യാമ്പയിൻ പ്രഖ്യാപിച്ചു. ആസ്റ്റർ വളണ്ടിയേഴ്സിന് കീഴിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ ആണ് നടക്കുക. ഈ ക്യാമ്പയിനിലൂടെ ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ അനുകമ്പ ഒരു ശീലമായി വളർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെയും ജിസിസിയിലെയും 7 രാജ്യങ്ങളിലെ 26 ആസ്റ്റർ ആശുപത്രികളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് ജീവൻ രക്ഷാ ശസ്ത്രക്രിയകൾ കുറഞ്ഞ പണംമുടക്കിൽ ചെയ്തുകൊടുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ 25% അല്ലെങ്കിൽ 250 ശസ്ത്രക്രിയകൾ സൗജന്യമായും 50 ശതമാനത്തിലധികം ശസ്ത്രക്രിയകൾ സബ്‌സിഡിയോടെയും നടത്തികൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. സ്ഥാപനത്തിലെ 28,400 ജീവനക്കാർക്കും വാർഷിക ആരോഗ്യ പരിശോധന പാക്കേജുകൾ സൗജന്യമായി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ലോകത്തിലെ എല്ലാവർക്കും മികച്ചത് സമ്മാനിക്കുക എന്ന തിരിച്ചറിവോടെ സേവന ദൗത്യങ്ങൾ കൂടുതൽ തലത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ചിന്തയോടെയാണ് ആസ്റ്റർ വളണ്ടിയേഴ്സ് “കൈൻഡ്നെസ്സ് ഈസ് എ ഹാബിറ്റ്” ക്യാമ്പയിൻ ആരംഭിച്ചതെന്ന് ആസ്റ്റര് ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി ആയിരക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. പരിസ്ഥിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ യുഎഇയിലെ മരുഭൂമിയിൽ 500 ഗ്രാഫ് ദേവതാരു മരങ്ങൾ നട്ടുപിടിപ്പിച്ചു. വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ നസീറ ബൊട്ടാണിക്കൽ ഗാർഡനിലും വിവിധ തരത്തിലുള്ള വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
ക്യാമ്പയിൻ കാലയളവിൽ ഈ ലക്ഷ്യത്തിൽ പങ്കുചേരാനും പ്രോത്സാഹിപ്പിക്കാനും ആഗ്രഹിക്കുന്നവർക്ക് സേവനപ്രവർത്തങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാൻ #Kindnessisahabit എന്ന ഹാഷ് ടാഗ് ഉപയോഗിക്കാം. @astervolunteers, @asterdmhealthcare എന്നിവയിലും പോസ്റ്റുകൾ ടാഗ് ചെയ്യാവുന്നതാണ്