ഫിഫ ലോകകപ്പ് 2022 സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ആദ്യ സെമിയില്‍ കരുത്തരായ അര്‍ജന്റീന കഴിഞ്ഞ ലോകകപ്പിലെ റണ്ണര്‍ അപ്പുകളായ ക്രൊയേഷ്യയെ നേരിടും. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 12.30നാണ് മത്സരം ആരംഭിക്കുക.
വാശിയേറിയ മത്സരത്തിനൊടുവിൽ നെതര്‍ലന്‍ഡ്‌സിനെ തോൽപ്പിച്ചാണ് അര്‍ജന്റീന അവസാന നാലില്‍ എത്തിയത്. നിശ്ചിത സമയത്ത് 2-2 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ച മത്സരം പെനാള്‍ട്ടി ഷൂട്ടില്‍ എത്തിയെങ്കിലും 3-4ന് അര്‍ജന്റീന വിജയിക്കുകയായിരുന്നു. എന്നാൽ ക്രൊയേഷ്യയാവട്ടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് ഇറങ്ങുന്നത്. അധിക സമയത്തേയ്ക്ക് നീണ്ട മത്സരത്തില്‍ ആദ്യ ഗോള്‍ ബ്രസീല്‍ നേടിയെങ്കിലും തിരിച്ചടിച്ച ക്രൊയേഷ്യ മത്സരം പെനാള്‍ട്ടിയിലേയ്ക്ക് എത്തിച്ചു. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 2-4ന് വിജയിച്ചാണ് ക്രൊയേഷ്യ സെമി ഫൈനലില്‍ എത്തിയത്.
തീ പാറുന്ന പോരാട്ടത്തിന് തന്നെയാകും ഖത്തര്‍ ഇന്ന് സാക്ഷിയാകുക. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ പരാജയപ്പെട്ട ലൂക്കാ മോഡ്രിച്ചിനും 2014 ലോകകപ്പിന്റെ ഫൈനലില്‍ കാലിടറിയ മെസിയ്ക്കും ഇനി വിശ്വകിരീടം ഉയര്‍ത്താന്‍ മറ്റൊരു അവസരം കൂടിയുണ്ടാകില്ല എന്നത് തന്നെയാണ് കാരണം. 1978, 1986ലുമായി രണ്ടുതവണ അര്‍ജന്റീന കിരീടം നേടിയിട്ടുണ്ട്. മൂന്ന് തവണ റണ്ണേഴ്സ് അപ്പായി. 1998-ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീന- ക്രൊയേഷ്യ പോരാട്ടം നടന്നിരുന്നു. ഇതില്‍ ഏകപക്ഷിയമായ ഒരു ഗോളിന് അര്‍ജന്റീന വിജയിച്ചു ഗ്രൂപ്പില്‍ ഒന്നാമതെത്തി. 2018ലെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യ അതിനു പകരം വീട്ടി. അര്‍ജന്റീനയെ 3-0 നാണ് ക്രൊയേഷ്യ അന്ന് തോല്‍പ്പിച്ചത്പരസ്പരം അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് വിജയങ്ങളും ഒരു സമനിലയുമായി ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.