പ്രവാസ ലോകത്ത് പ്രവർത്തിച്ചു വരുന്ന കെ.എം.സി.സി പ്രസ്ഥാനത്തിന് ദുബായിൽ സ്വന്തമായി ആസ്ഥാനം നിർമ്മിക്കുന്നതിന് ദുബൈ ഗവർമെന്റ് ഭൂമി നൽകി. ദുബൈയിലെ റാഷിദിയയിലാണ് ഒന്നര ഏക്കർ ഭൂമി അനുവദിച്ചുകിട്ടിയതെന്ന് ദുബൈ കെഎംസിസി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെഎംസിസി പ്രവർത്തകരും അനുഭാവികളും വർഷങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന സ്വന്തം ആസ്ഥാനമന്ദിരമെന്ന സ്വപ്നമാണ് യാഥാർഥ്യമാകുന്നത് എന്ന് ദുബൈ കെഎംസിസി സി.ഡി.എ ഡയറക്ടർ ബോർഡ് പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ പറഞ്ഞു. പത്മശ്രീ എം എ യൂസഫലിയുടെ ശ്രമഫലമായിട്ടാണ് ഭൂമി ലഭ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ഡി.എ ഡയറക്ടർ H. E. അഹമ്മദ് അബ്ദുൽ കരീം ജുൽഫാർ, പത്മ ശ്രീ എം.എ യൂസഫലി എന്നിവരുടെ സാനിദ്ധ്യത്തിൽ ദുബൈ നോളെഡ്ജ് ഫണ്ട് എസ്റ്റാബ്ലിഷ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുള്ള അൽ അവാർ എന്നിവരുമായി നടന്ന ഒപ്പ് വെക്കൽ ചടങ്ങിൽ വ്യവസായികളായ ഖാദർ തെരുവത്ത്, അബ്ദുള്ള പൊയിൽ, ദുബൈ കെഎംസിസി സി.ഡി.എ ഡയറക്ടർ ബോർഡ് പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, ഡയറക്ടർ മാരായ ശംസുദ്ധീൻ ബിൻ മുഹിയിദ്ധീൻ, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, വി.ടി മുസ്ഥഫ വേങ്ങര, അഡ്വ: ഇബ്രാഹിം ഖലീൽ സംബന്ധിച്ചു. രണ്ട് വർഷം എടുത്താണ് ആസ്ഥാനമന്ദിരം നിർമ്മിക്കുക. അറുപത്തി അഞ്ചോളം മണ്ഡലം കമ്മിറ്റികളും പതിമൂന്ന് ജില്ലാ കമ്മിറ്റികളും നിരവധി പഞ്ചായത്ത് കമ്മിറ്റികളും പ്രവർത്തിക്കുന്ന ദുബൈ കെഎംസിസിക്ക് ആധുനിക രീതിയിലുള്ള ഓഫിസ് സമുച്ചയമാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ദേര അബ്ര, സബക, അൽ ബറഹ, അൽ മംസർ എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന കെ.എം.സി.സി ആസ്ഥാനം ഇപ്പോൾ അബു ഹയിലെ വാടക കെട്ടിടത്തിലാണ്.
അതെസമയം മുസ്ലിം ലീഗ് നേതൃത്വം അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ ദുബായ് കെ എം സി സി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നുള്‍പ്പടെ പുറത്താക്കിയ നടപടിയെ കുറിച്ചുളള ചോദ്യങ്ങൾക്ക്, ദുബായ് കെഎംസിസി സിഡിഎ ഡയറക്ടർ ബോർഡ് പ്രസിഡന്‍റ് നിലവില്‍ താന്‍ തന്നെയാണെന്നും ലീഗ് നേതൃത്വത്തിന്‍റെ അന്തിമ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ദുബൈ കെഎംസിസി സി.ഡി.എ ഡയറക്ടർ ബോർഡ് പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, ഡയറക്ടർ മാരായ ഹുസൈനാർ ഹാജി ഇടച്ചാകൈ, ഹംസ തൊട്ടി, വി ടി മുസ്തഫ വേങ്ങര, അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ എന്നിവർ പങ്കെടുത്തു.