ഫിൻലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ 4 ടെക്നോളജീസ് ആണ് പ്രിന്‍റഡ് ഇലക്ട്രോണിക്സ് ടെക്നോളജിയുടെ സാധ്യതകൾ അവതരിപ്പിച്ച് രംഗത്ത് വന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പത്തിലേറെ ഉൽപന്നങ്ങൾ വൈകാതെ വിപണിയിലെത്തിക്കുമെന്ന് കമ്പനി സ്ഥാപകൻ ഡോ. ഉമർ സലിം പറഞ്ഞു. യുഎഇയിൽ അഡ്നോക് കേന്ദ്രത്തിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കഴിഞ്ഞു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഡയോഡ് ഇല്ലാത്ത കോൾഡ് ലൈറ്റ് അഥവാ പേപ്പർ ലൈറ്റ് ആണ്. ഹോർഡിങ്ങിനും മറ്റും ഉപയോഗിക്കാവുന്ന ലൈറ്റാണിത്. കൂടാതെ മെഡിക്കൽ ടെക്നോളജിയും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ജിസിസിയിൽ എവിടെ വേണമെങ്കിലും ഇത് നിർമിക്കാവുന്നതാണ് എന്നും ഡോ. ഉമർ സലിം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആഗോള വിപണയിലേയ്ക്കുള്ള തുടക്കമാണ് നടക്കുന്നത്. ദുബായിയിൽ അധികം വൈകാതെ റീജിനൽ ഓഫിസ് തുടങ്ങുമെന്നും ഡോ. ഉമർ സലിം അറിയിച്ചു. ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ഷാൻഗ്രില ഹോട്ടലിൽ നടക്കുന്ന മലയാള മനോരമ ഇൻവെസ്റ്റ്മെൻ്റ് സമ്മേളനത്തിലാണ് പ്രിന്‍റഡ് ഇലക്ട്രോണിക്സ് ടെക്നോളജിയുടെ സാധ്യതകൾ വിശദമായി അവതരിപ്പിച്ചത്. നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. ഐ 4 ബോർഡ് മെമ്പർ ഡോ മാർക് ഹോൾട്ടർമാനും വാർത്താസമ്മേളനത്തിൽ ടെക്നോളജിയുടെ സാധ്യതകളെകുറിച്ച് വിശദീകരിച്ചു.