ബിജെപിയുടെ15 വർഷത്തെ കുത്തക തകര്‍ത്ത് ദില്ലി മുനിസിപ്പൽ കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മുന്നേറുകയാണ്. 90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ആം ആദ്മി ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ഫലം പ്രഖ്യാപിച്ച സീറ്റിൽ 126 ഇടത്തും ആപ്പ് ജയിച്ചു. 97 സീറ്റുകളിൽ ബിജെപിയും വിജയിച്ചു. അതേസമയം, ഏഴ് സീറ്റിലേയ്ക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് ചിത്രത്തിൽ തന്നെയില്ല.
ബിജെപി 2017 ലെ തെരഞ്ഞെടുപ്പിൽ 181 വാർഡുകളിൽ വിജയം നേടിയിരുന്നു. 2017ൽ ബിജെപിക്ക് 181, എഎപി 48, കോൺഗ്രസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില. എന്നാൽ ഇക്കുറി 171 വരെ സീറ്റ് നേടി ആം ആദ്മി പാർട്ടി അട്ടിമറി വിജയം നേടുമെന്നായിരുന്നു എക്സിറ്റ് പോൾ ഫല പ്രഖ്യാപനം. ആദ്യഫല സൂചനകൾ ആംആദ്മി പാർട്ടിക്ക് അനുകൂലമായിരുന്നെങ്കിലും മണിക്കൂർ ഒന്ന് കഴിയുമ്പോൾ ബിജെപി നേരിയ ലീഡ് നേടിയെങ്കിലും അടുത്ത മണിക്കൂറില്‍ തന്നെ ആം ആദ്മി പാർട്ടി ലീഡ് തിരിച്ച് പിടിച്ചു.