കേരള സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയ്ക്ക് യുഎഇയിൽ ഉപകേന്ദ്രം സ്ഥാപിക്കുമെന്ന് അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി അറിയിച്ചു. ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം അടുത്ത ഫെബ്രുവരിയിൽ നടത്തും. അക്കാഡമിയുടെ കീഴിലുള്ള പ്രവർത്തനങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കാനാണ് ഉദ്ദേശമെന്നും വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ ഓഫ് മാപ്പിള ആർട്സ് തുടങ്ങുമെന്നും ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഡോ. ഹുസൈൻ രണ്ടത്താണി പറഞ്ഞു. മാപ്പിളപ്പാട്ട്, ദഫ് മുട്ട്, ഒപ്പന, വട്ടപ്പാട്ട്, കോൽക്കളി, അറബി മലയാളം എന്നിവയിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ ഈ കേന്ദ്രങ്ങളിൽ ആരംഭിക്കും. ഉപകേന്ദ്രത്തിന് ആവശ്യമായ സ്ഥലം കണ്ടെത്താനും പാട്രൺ, ഭാരവാഹികൾ എന്നിവരെ തിരഞ്ഞെടുക്കാനും സമിതിയെ നിയോഗിച്ചിട്ടുണ്ട്. എൻ കെ കുഞ്ഞുമുഹമ്മദ്, ശംസുദ്ധീൻ നെല്ലറ, ഡോ . അബ്ബാസ് പനക്കൽ, അബ്ദുൽ അസിസ് എം, ടി ജമാലുദ്ദീൻ, പി. എം.അബ്ദുറഷീദ് തുടങ്ങിയവരാണ് ഭാരവാഹികൾ.
കലാ- സാഹിത്യ രംഗത്ത് പ്രവാസികൾക്ക് മികച്ച പരിശീലനം നൽകി അക്കാദമി നേരിട്ട് പരീക്ഷ നടത്തി കേരള സർക്കാറിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകും. യുഎഇ യിലെ സ്കൂൾ കുട്ടികൾക്കും മാപ്പിള കലകളിൽ പരിശീലനം നൽകാൻ പദ്ധതിയുണ്ടാക്കും. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയുമായി സഹകരിച്ചു കൊണ്ട് മലബാറുമായി ബന്ധപ്പെട്ട കൈയെഴുത്തു പ്രതികളുടെ സംരക്ഷണത്തിനും പരസ്പര കൈ മാറ്റത്തിനുമുള്ള പദ്ധതിയും അക്കാഡമിയുടെ കീഴിൽ ആരംഭിക്കുന്നുണ്ട്.