2023 ജനുവരിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇന്ത്യയുടെ മുഖ്യാതിഥിയാകും. ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കുകയാണ്. ”ഇതാദ്യമായാണ് അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ പ്രസിഡന്റ് നമ്മുടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകുന്നത്,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. . പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍ സിസിക്ക് അയച്ച ഔപചാരിക ക്ഷണം ഒക്ടോബര്‍ 16 ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കൈമാറിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
1950ല്‍ അന്നത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുക്കാര്‍ണോയെ മുഖ്യാതിഥിയായി ക്ഷണിച്ചതു മുതല്‍ സൗഹൃദ രാഷ്ട്രങ്ങളുടെ നേതാക്കള്‍ സാന്നിധ്യം കൊണ്ട് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഗംഭീരമാക്കാറുണ്ട്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ (2015), റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ (2007), മുന്‍ ഫ്രഞ്ച് പ്രസിഡന്റുമാരായ നിക്കോളാസ് സര്‍ക്കോസി (2008), ഫ്രാങ്കോയിസ് ഹോളണ്ട് (2016) എന്നിവരും മുമ്പ് റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥികളായിരുന്നു. അതേസമയം 1952ലും 1953ലും 1966ലും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ മുഖ്യാതിഥിയായി ഒരു വിദേശ നേതാവ് പോലുമില്ലാതെ നടന്നു. 2020ല്‍ അന്നത്തെ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ആയിരുന്നു മുഖ്യാതിഥി. 2021ല്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നുവെങ്കിലും ബ്രിട്ടനില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കാരണം അദ്ദേഹത്തിന്റെ സന്ദര്‍ശനം റദ്ദാക്കേണ്ടിവന്നു.
ഇന്ത്യ ജി-20-ന്റെ അധ്യക്ഷത വഹിക്കുന്ന 2022-23 കാലയളവില്‍ ഈജിപ്തിനെ ‘അതിഥി രാജ്യമായി’ ക്ഷണിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷം, ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിക്കായി ഡല്‍ഹി സന്ദര്‍ശിക്കാനിരുന്ന അഞ്ച് സെന്‍ട്രല്‍ ഏഷ്യന്‍ റിപ്പബ്ലിക്കുകളുടെ നേതാക്കളെ റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യാതിഥികളായി ഇന്ത്യ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കാരണം സന്ദര്‍ശനം റദ്ദാക്കി. വെര്‍ച്വല്‍ ഫോര്‍മാറ്റിലാണ് ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി നടന്നത്.