ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനോട് താമസിക്കുന്ന വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. മൂന്നാർ ഇക്കാ നഗറിലെ 7 സെൻറ് ഭൂമി പുറമ്പോക്കായതിനാൽ ഏഴ് ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസിൽ പറയുന്നത്. മൂന്നാറിലെ തന്റെ ഭൂമി പുറമ്പോക്കല്ലെന്നും പട്ടയമുണ്ടെന്നും ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ പറഞ്ഞു. 60 പേർക്ക് നോട്ടിസ് നൽകിയപ്പോൾ ഒഴിയാൻ ആവശ്യപ്പെട്ടത് തന്നോട് മാത്രമാണ്. സബ് കലക്ടര്‍ക്ക് തന്നോട് വിരോധമൊന്നുമില്ലെന്നും മറ്റാരോ പറയുന്നതു കേട്ട് പ്രവര്‍ത്തിക്കുകയാണെന്നും എന്തു നടപടിയാണെങ്കിലും നേരിടുമെന്നും രാജേന്ദ്രന്‍ പറഞ്ഞു. പുറമ്പോക്ക് ഭൂമിയിൽ വീട് നിർമിച്ചിരിക്കുന്നതിനാൽ ഒഴിയണമെന്നായിരുന്നു മൂന്നാർ വില്ലേജ് ഓഫിസർ മുൻ എംഎൽഎയ്ക്ക് നൽകിയ നോട്ടിസ്.
ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമയുടെ നിർദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫിസറാണു രാജേന്ദ്രന് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത്. ഏഴു ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം ബലമായി ഒഴിപ്പിക്കുമെന്നുമാണു നോട്ടിസിലുള്ളത്. ഇക്കാനഗറിലെ 8 സെന്റ് സ്ഥലത്താണു രാജേന്ദ്രൻ വീടുവച്ച് കുടുംബമായി താമസിക്കുന്നത്. സ്ഥലം ഒഴിപ്പിക്കാൻ പൊലീസ് സംരക്ഷണം തേടി സബ് കലക്ടർ ജില്ലാ പൊലീസ് മേധാവിക്ക് കത്തും നൽകിയിട്ടുണ്ട്.