കത്ത് വിവാദത്തിൽ രാജിയില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി എനിക്ക് പറയാനുള്ള കാര്യങ്ങളും ക്രൈംബ്രാഞ്ച് കേട്ടു. പ്രതിപക്ഷത്തിന്റെ രാജി ആവശ്യം ബാലിശമാണ്. കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരുമെന്ന് ആര്യ അറിയിച്ചു. മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനു മുന്നിൽ നടക്കുന്ന പ്രതിഷേധത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ആര്യ.
“കട്ടപണവുമായി മേയറൂട്ടി കോഴിക്കോട്ടേക്കു വിട്ടോ’ എന്ന ആരോപണമുന്നയിച്ച മഹിളാ കോൺഗ്രസിന്റെ ആരോപണത്തിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുന്നതു സംബന്ധിച്ച് ആലോചിക്കും. മേയറോ നഗരസഭയിലെ ഭരണകക്ഷിയിലെ ആരെങ്കിലുമോ നഗരസഭയുടെ പണം തട്ടിയെടുത്തതായി ആരോപണമുന്നയിച്ചാൽ നിയമപരമായി നേരിടുമെന്നും മേയർ പറഞ്ഞു
അതേ സമയം, കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോർപറേഷനിൽ അഞ്ചാം ദിവസവും പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. കോർപറേഷന് പുറത്ത് യുഡിഎഫ് പ്രവര്‍ത്തകരും അകത്ത് യുഡിഎഫ് കൗൺസിലർമാരും ധര്‍ണയിലാണ്. മേയറുടെ രാജിയാവശ്യവുമായി ബിജെപി, യുവമോർച്ച പ്രവർത്തകരും സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.